കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്: രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; 72 മണിക്കൂര്‍ ലക്ഷണം കാണിച്ചില്ലെങ്കില്‍ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാം, നേരിയ ലക്ഷണം മാത്രമുള്ളവര്‍ 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം

7

പുതിയ കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 72 മണിക്കൂര്‍ ലക്ഷണം കാണിച്ചില്ലെങ്കില്‍ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു. 
നേരിയ ലക്ഷണം മാത്രമുള്ളവര്‍ 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ഇതിനിടയില്‍ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. നിരീക്ഷണത്തില്‍ തുടരുന്ന കാലയളവില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികള്‍ സ്വയം പരിശോധിക്കണമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു. 
ഇടത്തരം രോഗതീവ്രതയുള്ള രോഗികള്‍ക്ക് ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാര്‍ജ് നല്‍കാം. രോഗാവസ്ഥ പരിഗണിച്ച് വീട്ടിലേക്കോ പ്രഥമതല, ദ്വിതീയതല ചികിത്സാ കേന്ദ്രത്തിലേക്കോ ഇവരെ മാറ്റാം. ഇതുസംബന്ധിച്ച തീരുമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാം. 
ഗുരുതര രോഗികള്‍ക്ക് മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളു. ഗുരുതര രോഗികള്‍ ലക്ഷണം തുടങ്ങി പതിനാലാം ദിവസമാണ് ആന്റിജന്‍ പരിശോധന നടത്തേണ്ടത്. തുടര്‍ന്ന് മൂന്നുദിവസം കൂടി നിരീക്ഷിച്ച് കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് നല്‍കും. അതേസമയം ഫലം പോസിറ്റീവാണെങ്കില്‍ തുടര്‍ന്നുള്ള ഓരോ 48 മണിക്കൂറിലും വീണ്ടും പരിശോധിക്കണം.