ക്വാറി ദൂരപരിധി ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍

19

ക്വാറി ദൂരപരിധി ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ദൂരപരിധി ദേശീയ ഹരിതട്രിബ്യൂണല്‍ 200 മീറ്ററാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൂരപരിധി 200 മീറ്ററാക്കിയാല്‍ സംസ്ഥാനത്തിന്റെ സുപ്രധാനമായ പദ്ധതികളുടെ നിര്‍മ്മാണത്തിന് പാറ ലഭിക്കില്ലെന്നും കേരളം അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖനനം നിയന്ത്രിക്കുന്നതിനുള്ള 1957-ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍ ആക്ട് അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ചട്ടങ്ങള്‍ പ്രകാരം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ അമ്പത് മീറ്റര്‍ മാറി പാറ പൊട്ടിക്കാം എന്നാണ് കേരളത്തിന്റെ നിലപാട്. ഈ ചട്ടത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ചട്ടം നിലനില്‍ക്കുമ്പോള്‍ അതിലെ വ്യവസ്ഥയ്‌ക്കെതിരേ ഉത്തരവ് ഇറക്കാന്‍ ദേശീയ ഹരിതട്രിബ്യൂണലിന് അധികാരമില്ലെന്ന് കേരളം അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിക്കൊണ്ട് ദേശീയ ഹരിതട്രിബ്യൂണല്‍ ഉത്തരവിറക്കിയത്. പാറമടകളും സര്‍ക്കാരുമുള്‍പ്പെടെയുള്ള വിവിധ കക്ഷികളെയും കേള്‍ക്കാതെയാണ് ഈ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അത് റദ്ദാക്കിയത്. കക്ഷികളെ മുഴുവന്‍ കേട്ടശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ ഹരിതട്രിബ്യൂണലിന് ഈ വിഷയത്തില്‍ ഉത്തരവിറക്കാന്‍ അധികാരമില്ലെന്നും കേരളം അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്വാറി ഉടമകളുടെ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. സെപ്റ്റംബര്‍ ഒന്നിന് ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെയാണ് സ്റ്റേ നല്‍കിയിരിക്കുന്നത്.