ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

7

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23 ന്  വിളിച്ച് ചേര്‍ക്കുന്ന   പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .  രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ  കേരളത്തിന്റെ  ശബ്ദം ഉയരേണ്ടത് നിയമസഭയിലാണ്.  എന്നാല്‍ അടിയന്തിര പ്രധാന്യമില്ലന്ന സാങ്കേതിക കാരണം  പറഞ്ഞ്  നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി   ജനാധിപത്യ വിരുദ്ധമാണ്. കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ  കര്‍ഷകരെയും  ദോഷകരമായി ബാധിക്കുന്നതാണീ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച്  കൂട്ടാനും  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള  പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്റെ തിരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്.  ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ലങ്കിലും എം എല്‍ എ മാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ്  ലോഞ്ചില്‍ സമ്മേളിച്ച്  കേന്ദ്ര  നിയമത്തിനെതിരെയുള്ള    പ്രമേയം പാസാക്കണമെന്ന്  രമേശ് ചെന്നിത്തല പാര്‍ലമെന്ററി കാര്യമന്ത്രി ഏ കെ ബാലനോട് ആവശ്യപ്പെട്ടു.