ഗ്രാമസഭകളുടെ മികച്ച സംഘാടനം: കൊടകര ഗ്രാമപഞ്ചായത്തിന് ദേശീയ അംഗീകാരം; സംസ്ഥാനത്ത് ഈ പുരസ്കാരം ലഭിക്കുന്ന ഏക പഞ്ചായത്തെന്ന നേട്ടവും കൊടകരക്ക്

11

ഗ്രാമസഭകളുടെ മികച്ച സംഘാടനത്തിനുള്ള 2021ലെ ദേശീയ പുരസ്‌കാരം കൊടകര ഗ്രാമപഞ്ചായത്തിന് ലഭിച്ചു. നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാരമാണ് കൊടകര പഞ്ചായത്തിനെ തേടിയെത്തിയത്. സംസ്ഥാനത്ത് കൊടകര പഞ്ചായത്തിന് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. 2019-20 വര്‍ഷത്തില്‍ ജനപങ്കാളിത്തത്തോടെ മികച്ച രീതിയില്‍ ഗ്രാമസഭകള്‍ സംഘടിപ്പിച്ചത് പരിഗണിച്ചാണ് കൊടകര പഞ്ചായത്തിന് പുരസ്‌കാരം നല്‍കുന്നത്. കൊടകരയെ കൂടാതെ ആസാമിലെ കാമരൂപ് ജില്ലയിലുള്ള സോനാപൂര്‍, തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള പുളിയംപട്ടി, പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലെ ആംസോള്‍ എന്നീ പഞ്ചായത്തുകളാണ് കേന്ദ്രസര്‍ക്കാരിന്റെ നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാരത്തിന് ഈ വര്‍ഷം അര്‍ഹത നേടിയത്.