ഘടകപൂരങ്ങളും ചടങ്ങിലൊതുക്കി: പാറമേക്കാവ് വിഭാഗവും കുടമാറ്റം ഒഴിവാക്കി; കൂടുതൽ തീരുമാനം യോഗത്തിന് ശേഷമെന്ന് ദേവസ്വം

65

തിരുവമ്പാടി ദേവസ്വത്തിന് പിന്നാലെ ഘടകക്ഷേത്രങ്ങളും പൂരം പ്രതീകാത്മകമാക്കി ചടങ്ങുകളിലൊതുക്കാൻ തീരുമാനിച്ചു. ഒരാനപ്പുറത്ത് ചടങ്ങുകൾ മാത്രമാക്കി നടത്തും. ആഘോഷങ്ങളില്ലാതെ, വാദ്യക്കാരും ഭാരവാഹികളുമുൾപ്പെടെ അമ്പത് പേർ മാത്രമാവും ഉണ്ടാവുക. ഇക്കാര്യം ഘടകക്ഷേത്രങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിനെയും കളക്ടറെയും അറിയിച്ചു. അതേ സമയം പാറമേക്കാവ് വിഭാഗവും കുടമാറ്റം ഒഴിവാക്കി. നേരത്തെ സമയം കുറക്കാനായിരുന്നു തീരുമാനമെങ്കിലും തിരുവമ്പാടി വിഭാഗം പൂരം ഒരാനപ്പുറത്തെ എഴുന്നെള്ളിപ്പും ചടങ്ങുകളിലൊതുക്കുകയുമാണെന്ന് അറിയിച്ചതോടെയാണ് ഇതിൽ കൂടുതൽ ആലോചനകൾ നടന്നത്. ദേവസ്വങ്ങളുടെ അഭിമുഖ കാഴ്ചകൾ ഇല്ലാതെ കുടമാറ്റം പ്രൗഢിയാവില്ല. ഈ സാഹചര്യത്തിലാണ് പാറമേക്കാവ് ദേവസ്വവും കുടമാറ്റം ഒഴിവാക്കാനുള്ള തീരുമാനം. ഇതോടെ പൂരം ചടങ്ങുകളിൽ ഒഴിവാക്കുന്നവയിൽ കുടമാറ്റവും ഉൾപ്പെട്ടു. ഇത്തവണ പൂരം നടക്കുന്നത് ആഘോഷ പരമായല്ലെന്നും ആചാരങ്ങൾ പാലിച്ച് മാത്രമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. പാറമേക്കാവ് വിഭാഗവും കുടമാറ്റം ഒഴിവാക്കിയെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങ് പ്രതീകാത്മകമായി നടത്തും. ആവശ്യപ്പെട്ട ഘടക ക്ഷേത്രങ്ങൾക്ക് ആനയെ വിട്ട് നൽകും. സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കുമെന്നും 15 ആനപ്പുറത്ത് പൂരമെന്ന നിലപാടിൽ നിലവിൽ മാറ്റമില്ലെന്നും, സെലിബ്രേഷൻ കമ്മറ്റി യോഗം ചേർന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നും രാജേഷ് അറിയിച്ചു.