ചെന്നിത്തലക്ക് വീണ്ടും തിരിച്ചടി: യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കി, വി.ഡി.സതീശൻ പുതിയ ചെയർമാൻ; തന്നെ അപമാനിതനാക്കിയെന്ന് സോണിയക്ക് ചെന്നിത്തലയുടെ കത്ത്, പരാജയത്തെ കുറിച്ച് പഠിക്കുമെന്ന് എം.എം.ഹസൻ

48

പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതില്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല. മാറുമെന്ന തീരുമാനം അറിഞ്ഞിരുന്നെങ്കില്‍ പിന്മാറുമായിരുന്നുവെന്നും രമേശ് പറയുന്നു. ഇക്കാര്യമറിയിച്ച് സോണിയ ഗാന്ധിക്ക് ചെന്നിത്തല കത്ത് നൽകി. സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്ന് ചെന്നിത്തല കത്തിൽ പരാതിപ്പെടുന്നു. അതേ സമയം ചെന്നിത്തലയെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ചെയർമാനായി യു.ഡി.എഫ് യോഗം തെരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്ത് രമേശ് ചെന്നിത്തലയെ നിലനിറുത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസന്‍ പറഞ്ഞു. യു.ഡി.എഫിനുണ്ടായത് അത്യന്തം ദയനീയ പരാജയമെന്ന് പറയാനാകില്ലെന്നായിരുന്നു തോൽവി സംബന്ധിച്ച ചോദ്യത്തിന് ഹസന്റെ മറുപടി. വിശദമായി യോഗം നിയമസഭാ സമ്മേളനത്തിന് ശേഷം ചേരുമെന്നും ഹസൻ പറഞ്ഞു.