ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചരണം: ഇരുവർക്കും പിന്തുണയുമായി സമൂഹമാധ്യമ ക്യാമ്പയിൻ

35
5 / 100

നൃത്തത്തിലൂടെ സാമൂഹിക മാധ്യമങ്ങൾ കീഴടക്കിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം. ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്.

കൃഷ്ണരാജ് എന്ന അഭിഭാഷകൻ ഇവരെ കുറിച്ച് കുറിക്കുന്നതിങ്ങനെ;

ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

സൈബർ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ‘നവീനും ജാനകിയും ഇനിയും ചുവടുകൾ വെക്കുമെങ്കിൽ കേരള ജനത അതും ഏറ്റു വാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും’ എന്ന് പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു.

സ്മിത മഹേഷ് എഴുതുന്നു…

രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ അസ്സലായി ഡാൻസ് ചെയ്യുന്നു. അത് ആസ്വദിക്കുന്നതിനു പകരം ..,ഹേയ്, അതൊന്നും ഞങ്ങൾക്ക് കാണണ്ട.., വർഗ്ഗീയത വിറ്റാലേ ഞങ്ങടെ വയറ് നിറയൂന്ന് ചില വിഷങ്ങൾ.കേരളമേ, ഇവരുടെ വർഗ്ഗീയകെണിയിൽ വീഴാതെ നീ പിടിച്ച് നിൽക്കണം..!!!

സംഭവത്തിൽ ഡോക്ടർ ഷിംന അസീസിന്റെ പ്രതികരണം ഇങ്ങനെ;

ജാനകിയും നവീനും തൃശൂർ മെഡിക്കൽ കോളേജ്‌ വിദ്യാർത്‌ഥികളാണ്‌. നല്ല അസ്സലായി ഡാൻസ്‌ ചെയ്യും. അവർ ആസ്വദിച്ച്‌ ചെയ്‌തൊരു ഡാൻസിന്റെ വീഡിയോ ക്ലിപ്പിങ്ങ്‌ വൈറലായി. സ്‌ക്രബ്‌സ്‌ ധരിച്ച്‌ ആശുപത്രിയിലെ ഒരൊഴിഞ്ഞ വരാന്തയിൽ നിന്നാണ്‌ ആ വീഡിയോ ഷൂട്ട്‌ ചെയ്‌തിരിക്കുന്നത്‌.അവരെ സംബന്ധിച്ചിടത്തോളം ആ കെട്ടിടം അവർ പഠിക്കുന്ന സ്‌ഥാപനം കൂടിയാണ്‌. അതിന്‌ ചികിത്സയുമായി നേരിട്ട്‌ ബന്ധമില്ലാത്ത ഒരുപാട് ഏരിയയുണ്ടെന്നത്‌ എനിക്കും നേരിട്ടറിയാം. രോഗികൾ കിടക്കുന്നിടത്ത്‌ പോയി ആരും റാ റാ റാസ്‌പുടിൻ പാടി ഡാൻസ്‌ ചെയ്യില്ല. ഞങ്ങൾ പഠിക്കുന്ന (ഏറ്റവും ചുരുങ്ങിയത്‌ അഞ്ചര വർഷം) കാലത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ആ ചുമരുകൾക്ക്‌ സ്വന്തമാണ്‌.ഇനി ഡോക്ടർമാരോ മെഡിക്കൽ സ്‌റ്റുഡന്റ്‌സോ ആടാനോ പാടാനോ പാടില്ലേ? എല്ലാ മനുഷ്യർക്കുമുള്ള ചിരിയും കളിയും സന്തോഷവുമൊക്കെ അവകാശമുള്ള കൂട്ടരാണ്‌ ഞങ്ങളും. എല്ലാ കാലത്തും പഠിച്ച മെഡിക്കൽ കോളേജിലെയും പഠിപ്പിച്ച കോളേജിലെയും സന്ദർശിച്ചിട്ടുള്ള സകല കോളേജുകളിലെയും കുട്ടികളുടെ കലാഭിരുചികൾ പ്രോത്‌സാഹിപ്പിച്ചിട്ടേയുള്ളൂ. ഇനിയുമത്‌ ചെയ്യും. ഡോക്ടർ ആണെന്ന്‌ വെച്ച്‌ ഗൗരവവും എയർപിടിത്തവും വേണമെന്നാണെങ്കിൽ ഞങ്ങൾക്കതിന്‌ സൗകര്യമില്ല. അങ്ങനെ വേണ്ടവർ അങ്ങനെ കഴിഞ്ഞോട്ടെ, ഇങ്ങനെയും ചിലരുണ്ടാകും.അവർ വൈറലായതിന്റെ അസ്വസ്‌ഥതയും അസൂയയുമാണെങ്കിൽ അതങ്ങ്‌ സമ്മതിച്ചേക്കണം. അത്രക്ക്‌ ഭംഗിയോടെ അനായാസമായി വെച്ച ചുവടുകൾ കണ്ടാൽ അംഗീകരിക്കണമെങ്കിലും ഒരു മിനിമം ക്വാളിറ്റി വേണമെന്നത്‌ മനസ്സിലാക്കുന്നു. ഇനി ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചതാണ്‌ വിഷയമെങ്കിൽ തലയിലേക്ക്‌ കയറിയിരിക്കുന്ന ആ അവയവത്തിന്റെ സ്‌ഥാനം അവിടെയല്ല, കുറച്ച്‌ താഴെയാണെന്ന്‌ ഓർക്കുമല്ലോ. ഒരൈറ്റം കൂടിയുണ്ട്‌. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്‌ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട്‌… മെഡിക്കൽ കോളേജിൽ കൂടിയേ വർഗീയ വിഷം കലങ്ങാനുള്ളൂ…ഒന്നിച്ച്‌ ഡാൻസ്‌ കളിക്കുന്നോരൊക്കെ തമ്മിൽ പ്രേമമാണെന്ന തിയറി എവിടുന്നാണ്‌? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്‌? വിട്ട്‌ പിടിക്ക്‌. സ്ലട്ട്‌ ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട്‌ വേണ്ട. അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട്‌ മക്കൾ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കിൽ കാണേണ്ടാന്നേ… മതം തിന്ന്‌ ജീവിക്കുന്ന കഴുകൻ കൂട്ടങ്ങൾ… നാണമില്ലേടോ !! Dr. Shimna Azeez

ഡോക്ടർ സൗമ്യ സരിൻ കുറിച്ചത് ഇപ്രകാരം;

‘ഇങ്ങള് പൊളിക്ക് മക്കളെ! കുരു പൊട്ടുന്നവർക്ക് ഇത് കഴിഞ്ഞു നമുക്ക് നല്ല ഒരു ഡ്രസിങ് ചെയ്ത് കൊടുക്കാം! അല്ല പിന്നെ! കട്ട സപ്പോർട്ട് ചങ്കുകളെ! ഇങ്ങള് ഇനീം ഡാൻസും പാട്ടും ഒക്കെയായി അടിച്ചു പൊളിച്ചു ജീവിക്ക്’

തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. സഹോദരന്‍ റോഷന്‍ ഹൈദരാബാദില്‍ സിവില്‍ എഞ്ചിനീയറാണ്.

തൃശൂര്‍ മെഡിക്കല്‍ കോളജ് വരാന്തയിലായിരുന്നു ഇവരുടെ 30 സെക്കന്‍ഡ് നൃത്തം. റാ റാ റാസ്പുട്ടിന്‍… ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്താണ് ഇവര്‍ ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച വീഡിയോ ആണ് തരംഗമായി മാറിയത്.