ടി.പി.ആർ റേറ്റ് കുറയുന്നത് ആശ്വാസകരം: ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്ന് മുഖ്യമന്ത്രി; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് ഐ.സി.എം.ആറുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി

11

സംസ്ഥാനത്ത് ടി.പി.ആര്‍.(ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദഗ്ധര്‍. എന്നാല്‍ അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് തുടരുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ വളരെ വിജയകരമായ രീതിയിലാണ് ലോക്ഡൗണ്‍ നടപ്പാക്കി വരുന്നത്. ജനങ്ങള്‍ പൂര്‍ണ സഹകരണത്തിലാണ്. വളരെ കുറച്ചു പേര്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. കോവിഡ് ബാധിതരും പ്രൈമറി കോണ്‍ടാക്ട് ആയവരും വീടിനുള്ളില്‍ കഴിയുന്നെന്ന് ഉറപ്പാക്കാനായി. ഈ ജില്ലകളില്‍ മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് വരെ ഉപയോഗിച്ച് ഇതുമായി ബന്ധപ്പെട്ടുള്ള നിരന്തര നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നില്ല. അവരില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോള്‍ പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ കുഴപ്പമില്ല എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ നാഷണല്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 
കോവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മര്‍ദ്ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് പരിശോധിക്കും.