ടി.പി ബെന്നി സാഹിത്യ അക്കാദമിയിൽ നിന്നും വിരമിച്ചു: പടിയിറങ്ങുന്നത് സംഘാടക കലയുടെ കുലപതി

22

രണ്ടര പതിറ്റാണ്ടുകാലത്തെ സേവനത്തിനൊടുവിൽ അക്കാദമി പ്രോഗ്രാം കോഡിനേറ്റർ പദവിയിൽ നിന്നും ടി.പി ബെന്നി വിരമിച്ചു. സാഹിത്യ അക്കാദമിയുടെ അഭിമാനവും അന്തസ്സും ഉയർത്തി പിടിച്ച് സാംസ്കാരിക സായാഹ്നങ്ങളുടെയും ആശയസംവാദങ്ങളുടെയും മാറ്റു കൂട്ടിയ ബെന്നിയുടെ സർവീസ് ജീവിതം അക്ഷര സൗഹൃദങ്ങളുടെ ആഘോഷമായിരുന്നു. അക്കാദമി നിർവാഹക സമിതിയെടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ സദാ ഉണർന്നിരുന്ന സംഘാടക മനസ്സായിരുന്നു ഇദ്ദേഹത്തിന്റേത്.

അക്കാദമി നൽകിവരുന്ന പ്രശസ്തിപത്രങ്ങളും, ക്ഷണക്കത്തുകളും പത്രക്കുറിപ്പുകളും അർത്ഥപൂർണവും ആകർഷകവുമാക്കുന്നതിൽ ബെന്നിയുടെ കൈയ്യോപ്പ് ചെറുതല്ല. എഴുത്തുകാരെയും വായനക്കാരെയും സർക്കാർ സ്ഥാപനമായ അക്കാദമിയിലേക്ക് ചേർത്തു നിർത്തിയ ബെന്നി അക്കാദമി പ്രവർത്തനങ്ങളെ ജനകീയമാക്കി തീർത്ത ഒരു സുവർണ്ണ കാലഘട്ടത്തിന്റെ അണിയറ ശിൽപിയാണ്.

ദേശീയ പുസ്തകോത്സവവും സാംസ്കാരിക യാത്രയും ദേശപ്പെരുമ അക്ഷരോത്സവവും സാഹിത്യ സെമിനാറുകളും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡിസൈൻ ചെയ്തിരുന്നത് ബെന്നിയാണ്.

എം.കെ. സാനു, കെ.എം. തരകൻ, എം.ടി, എൻ.പി. മുഹമ്മദ്, യുസഫലി കേച്ചേരി, എം. മുകുന്ദൻ, പി. വത്സല, പെരുമ്പടവം ശ്രീധരൻ, വൈശാഖൻ തുടങ്ങിയവർ അക്കാദമി അധ്യക്ഷ പദ്ധവിയിലിരുന്ന കാലങ്ങളിൽ അവരുടെ സർഗാത്മക ചേതനകളെ വായനാസമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിൽ ബെന്നിയുടെ ഇടപ്പെടൽ നിർണ്ണായകമായിരുന്നു.

എം.ടി. യുടെ നാലുകെട്ടിന്റെ അമ്പതാം വാർഷികം നാലു ദിവസമായി അക്കാദമി സംഘടിപ്പിച്ചപ്പോൾ പരിപാടിയുടെ ട്രഷറർ എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ സംഘാടക മികവ് ഏറേ ശ്രദ്ധിക്കപ്പെട്ടതാണ്. അന്ന് എം.ടി. തന്നെ നേരിൽ വിളിച്ച് പറഞ്ഞ അഭിനന്ദന വാക്കുകൾ ബെന്നിക്ക് മാനസ ഗുരുവിന്റെ ആശീർവാദമായി.

സുകുമാർ അഴീക്കോട്, അക്കിത്തം, കോവിലൻ, സി.വി.ശ്രീരാമൻ, മാടമ്പ്, പുനത്തിൽ തുടങ്ങി മലയാളത്തിന്റെ ഗുരു കാരണവൻമാരുടെ വാത്സല്യ ശിഷ്യനാവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. മലയാളത്തിലെ തല മുതിർന്ന എഴുത്തുകാർ മുതൽ യുവ എഴുത്തുകാർ വരെ നീളുന്ന സൗഹൃദത്തിന്റെ കടലാഴമുള്ളൊരാളാണ് ബെന്നി.

മലയാളി വീട്ടമ്മമാരെ ടെലിവിഷനു മുന്നിൽ പിടിച്ചിരുത്തിയ ‘മിന്നുകെട്ട്’ സീരിയലിന്റെ വലിയൊരു ഭാഗം തിരക്കഥ ബെന്നിയുടേതാണ്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പ്രസംഗത്തിനും ചെറുകഥയ്ക്കും ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഈ അന്തിക്കാട്ടുകാരൻ കലാലയ ജീവതകാലത്ത് തീപ്പൊരി പ്രാസംഗികനും എസ്.എഫ്. ഐ. യുടെ ജില്ലാ ജോ. സെക്രട്ടറിയുമായിരുന്നു. അക്കാദമി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയായി ദീർഘകാലം ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ടു. ഈ മഹാമാരിയുടെ കാലത്ത് വിരമിക്കുന്നത് ഒരില പൊഴിയും പോലെ നിശബ്ദമാവണമെന്ന് മനസ്സാൽ ആഗ്രഹിച്ച് അവകാശവാദങ്ങളില്ലാതെ, അണിയറയിൽ മാത്രമൊതുങ്ങി അരങ്ങിനെ പ്രകാശിപ്പിച്ചൊരാളായി അക്കാദമിയുടെ പടിയിറങ്ങുകയാണ് സംഘാടന കലയുടെ ഈ കുലപതി.