ഡിജിറ്റൽ തെർമോമീറ്റർ നിർമാണ പരിശീലനം എളവള്ളിയിൽ: കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന പദ്ധതി

11

സംസ്ഥാനത്ത് ആദ്യമായി ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ ഡിജിറ്റൽ തെർമോമീറ്റർ നിർമാണ യൂണിറ്റ് എളവളളിയിൽ ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി ഡിജിറ്റൽ തെർമോമീറ്റർ നിർമാണ പരിശീലനം നൽകുന്നതിന് ഒരുങ്ങുകയാണ് പഞ്ചായത്ത്. പട്ടികജാതി വിഭാഗത്തിൽ പെടുന്നവരെയാണ് പദ്ധതിയിലേക്കായി തിരഞ്ഞെടുക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സ്ഥിര വരുമാനത്തോടുകൂടിയ ജോലി ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ ഐഛിക വിഷയങ്ങളിലുള്ള പ്ലസ്-ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സംസ്ഥാന പട്ടികജാതി- പട്ടികവർഗ ഡയറക്ടറേറ്റ്, ഐഎച്ച്ആർഡി എറണാകുളം റീജിയണൽ സെൻ്റർ, തൃശൂർ സെൻ്റർ ഫോർ മെറ്റീരിയൽസ് ഇലക്ട്രോണിക്സ് ആൻ്റ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. യൂണിറ്റിൽ ഉൽപാദിപ്പിക്കുന്ന തെർമോമീറ്ററുകൾ സർക്കാർ സംവിധാനങ്ങളിലൂടെ വിൽപന നടത്തും. നൂറുപേരുടെ യൂണിറ്റ് തുടങ്ങുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ ഉദ്യോഗാർത്ഥികൾക്ക് ശേഷം സമീപ പഞ്ചായത്തുകളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നതിനാണ് പഞ്ചായത്തിൻ്റെ തീരുമാനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും എളവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രസിഡൻ്റ് ജിയോ ഫോക്സ് അറിയിച്ചു.