തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ വിമർശനം: കോവിഡ് പ്രതിരോധത്തിൽ വാർഡ് തല സമിതികളുടെ പ്രവർത്തനം പിന്നാക്കം പോയി, നാളെ മുതൽ മാറ്റം പ്രകടമായി പ്രവർത്തനങ്ങളിൽ സജീവമാകാൻ മുഖ്യമന്ത്രിയുടെ നിർദേശം; ഇനി അടച്ചുപൂട്ടലിന് കഴിയില്ല, ക്വാറന്റീൻ ലംഘിച്ചാൽ കനത്ത പിഴയീടാക്കണം

28

കോവിഡ് പ്രതിരോധത്തിൽ വാർഡുതല സമിതികളുടെ പ്രവർത്തനം പിന്നോട്ട് പോയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. സമിതികൾ സജീവമാകണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾ എഴുന്നേൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡി.സി.സികളും സി.എഫ്.എൽ.റ്റി.സി കളും കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തണം. നാളെമുതൽ പ്രാദേശിക തലങ്ങളിൽ മാറ്റം പ്രകടമാകണമെന്നും കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പ്രയാസം നേരിട്ടാൽ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ജാഗ്രത തുടർന്നില്ലെങ്കിൽ കോവിഡ് വ്യാപനം രൂക്ഷമാകും. എല്ലാ ഘട്ടത്തിലും രോഗികൾക്ക് അടിയന്തര സംവിധാനമൊരുക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. പുതിയ വകഭേദം വലിയ വ്യാപനത്തിന് കാരണമായേക്കും. ജീവിത ശൈലി രോഗമുള്ളവരിൽ അപകട സാധ്യത കൂടുതലാണ്. സമ്പൂർണ ലോക് ഡൗൺ നിലവിൽ പ്രായോഗികമല്ല. വിദഗ്‌ധർ ലോക് ഡൗണിനെ അഗീകരിക്കുന്നില്ലെന്നും കേരളത്തിൽ 54 ശതമാനം പേർക്ക് ഇനിയും രോഗം വരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇനി അടച്ചുപൂട്ടലിന് കഴിയില്ല, ക്വാറന്റീൻ ലംഘിച്ചാൽ കനത്ത പിഴയീടാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.