തദ്ദേശ സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് കോൺഗ്രസ്: തദ്ദേശ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ പ്രതിസന്ധിയിലാക്കുമെന്ന് എ.എം മുൻഷാർ

21

തദ്ധേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കോൺഗ്രസ്. കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങൾ വലിയ ചിലവുകൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ പഞ്ചായത്തുകൾ തനത് ഫണ്ട് ഉപയോഗിച്ചും ഉദാരമതികളുടെ കനിവുകൊണ്ടുമാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. പഞ്ചായത്തുകളുടെ പ്രധാന വരുമാന മാർഗ്ഗമായ നികുതി ഒടുക്കുവാൻ സാധാരണക്കാരന് സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മറ്റ് വരുമാന മാർഗ്ഗങ്ങളും നിലച്ച അവസ്ഥയിലാണ്.
പഞ്ചായത്തുകൾക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാറിന്റെ വിഹിതം ഉണ്ടെന്ന പ്രഖ്യാപനങ്ങൾ വലിയ ആഘോഷമാക്കി മാറ്റിയതൊഴിച്ചാൽ നാളിതു വരെയും ഒരൊറ്റ പഞ്ചായത്തുകൾക്കും അത് ലഭിച്ചിട്ടില്ല. പഞ്ചായത്തുകളുടെ തനത് ഫണ്ടിനേക്കാളേറെ ചെലവുകളാണ് ഒട്ടുമിക്ക പഞ്ചായത്തുകളിലും നിലിനിൽക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യാതൊരു വിഹിതവും പഞ്ചായത്തുകൾക്കോ മറ്റ് തദ്ദേശസ്ഥാപനങ്ങൾക്കോ നിലവിൽ നൽകുന്നില്ല. എന്നാൽ ബ്ലോക്ക് പഞ്ചായത്തുകളും, ഗ്രാമപഞ്ചായത്തുകളും തനത് ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. സാലറി ചലഞ്ചും വാക്സിൻ ,ചലഞ്ചും പോലെ ഒരു തനത് ഫണ്ട് ചലഞ്ച് സർക്കാർ ലക്ഷ്യമിടുമ്പോൾ ഏറെ ദുരിതത്തിലാവുക പഞ്ചായത്ത് ഭരണസമിതികളാണ്. വർഷക്കാലത്തെ പ്രത്യേക സാഹചര്യങ്ങൾ നേരിടേണ്ടുന്ന, തദ്ധേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഇത്തരം ഉത്തരവുകൾ പിൻവലിക്കണമെന്നും, പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും മണലൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി എ.എം. മുൻഷാർ ആവശ്യപ്പെടുന്നു.