തുറന്നടിച്ച് കെ.മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും: കോൺഗ്രസിന് അടിത്തറയില്ലാതായെന്ന് കെ.മുരളീധരൻ, ഗ്രൂപ്പ് രാഷ്ട്രീയം കോൺഗ്രസിനെ തകർത്തുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

20

കോൺഗ്രസിൽ സമഗ്രമായ മാറ്റം വേണമെന്ന് കെ.മുരളീധരനും രാജ് മോഹൻ ഉണ്ണിത്താനും. കോണ്‍ഗ്രസിന് അടിത്തറ ഇല്ലാതായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. സംഘടനാതലത്തില്‍ മൊത്തം അഴിച്ചുപണി വേണം. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. അതിനായി മാറാന്‍ താന്‍ തയ്യാര്‍. പുതിയ മന്ത്രിസഭയില്‍ ആരേയും മോശക്കാരായി കാണുന്നില്ലെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോൺഗ്രസിൽ സമസ്തമേഖലയിലും മാറ്റം വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് തകർന്ന് തരിപ്പണമായി. ഗ്രൂപ്പ് പ്രവർത്തനമാണ് കോൺഗ്രസിനെ തകർത്തത്. പാർട്ടിയോട് കൂറുള്ള പുതുതലമുറയെ വളർത്തിയെടുക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.