തൃശൂർ പൂരം നടത്തിപ്പിൽ ഇടപെട്ട് സർക്കാർ: പൂരത്തിന്റെ മാറ്റ് കുറയാതെ തന്നെ നടക്കും; മന്ത്രിയുടെ സാനിധ്യത്തിൽ യോഗം ചേർന്നു; ഡി.എം.ഒ നൽകിയ കത്ത് പിൻവലിക്കാൻ നിർദ്ദേശം, പൊലിമ കുറയില്ലെന്ന് മന്ത്രി, കളക്ടറുടെ സാനിധ്യത്തിൽ യോഗം അൽപ്പസമയത്തിനകം

47
5 / 100

തൃശൂർ പൂരം മാറ്റ് കുറയാതെ തന്നെ പൊലിമയോടെ തന്നെ നടക്കും. കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാനിധ്യത്തിൽ ബോർഡ് പ്രതിനിധികളുെടയും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. പൂരം പ്രദർശനത്തിനുള്ള ടിക്കറ്റ് ഓൺലൈൻ മാത്രമേ അനുവദിക്കാനാവൂ എന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ പുതിയ നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ഇതിന് കാരണമായ ആരോഗ്യവകുപ്പ് നൽകിയ കത്ത് പിൻവലിക്കാൻ സർക്കാർ നിർദ്ദേശം നൽകി. കളക്ടറുടെ സാനിധ്യത്തിൽ അൽപ്പ സമയത്തിനകം ചേരുന്ന യോഗത്തിൽ കളക്ടർ ഇക്കാര്യം ഡി.എം.ഒക്ക് നിർദ്ദേശമായി നൽകും. ആനകളുടെ എണ്ണത്തിലോ ചടങ്ങുകളിലോ ഒരു കുറവുമുണ്ടാവില്ലെന്നും കോവിഡ് നിയന്ത്രണങ്ങളോടെ പൂരം പൊലിമയോടെ തന്നെ ആഘോഷിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു. സർക്കാർ ഇക്കാര്യത്തിൽ ഉത്തരവായി പുറപ്പെടുവിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിലപാട് സ്വാഗതാർഹമാണെന്ന് ദേവസ്വങ്ങളും പ്രതികരിച്ചു. ചീഫ് സെക്രട്ടറിയുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിൽ ചടങ്ങുകളെല്ലാം പൊലിമയോടെ തന്നെ നടത്താമെന്ന് തീരുമാനിച്ചിരിക്കെ പ്രദർശന നഗരിയിലേക്കുള്ള പ്രവേശനത്തിന് ഓൺൈലൻ ടിക്കറ്റ് മാത്രമേ അനുവദിക്കാനാവൂ എന്നും 200 പേർ മാത്രമേ കഴിയൂ എന്നുമുള്ള ആരോഗ്യവകുപ്പിൻറെ നിലപാട് ദുരുദ്ദേശ്യത്തോടെയാണെന്ന ആക്ഷേപത്തെ തുടർന്നാണ് പ്രദർശനം കടുത്ത നിബന്ധനകളോടെയെങ്കിൽ പൂരവും ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ ആശങ്ക അറിയിച്ചത്. ഉദ്യോഗസ്ഥ നിലപാടിനെതിരെ മന്ത്രി വി.എസ് സുനിൽകുമാർ തന്നെ രംഗത്ത് വന്നിരുന്നു. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടെന്ന താക്കീത് നൽകിയ മന്ത്രി കളക്ടറോട് ഉടൻ യോഗം വിളിച്ചു ചേർക്കാൻ നിർദ്ദേശിച്ചതനുസരിച്ചാണ് വൈകീട്ട് അഞ്ചരക്ക് യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.