തൃശൂർ പൂരം നടത്തിപ്പിൽ വീണ്ടും വിവാദ ചർച്ച: ഡി.എം.ഒ പൂരം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ദേവസ്വങ്ങൾ; പൂരം ഒഴിവാക്കില്ലെന്ന് മന്ത്രി സുനിൽകുമാർ; ആരോഗ്യവകുപ്പിന് പിന്നാലെ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി കളക്ടർ, മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് കളക്ടർ സർക്കാരിനോട്

105

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച് ആരോഗ്യവകുപ്പിൻറെ ആശങ്കക്ക് പിന്നാലെ ചീഫ് സെക്രട്ടറിക്ക് കളക്ടറുടെ കത്ത്. പൂരവുമായി ബന്ധപ്പെട്ട് ആൾക്കൂട്ട നിയന്ത്രണങ്ങളുടെ മാർഗനിർദ്ദേശങ്ങളുമായി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാനാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. പൂരം മുൻ വര്‍ഷങ്ങളിലേതു പോലെ നടത്തിയാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകുമെന്നും പൂരം നടത്തിപ്പിൽ ഗൗരവപൂർവ്വം ആലോചന നടത്തണമെന്നാണ് ആരോഗ്യവകുപ്പ് സർക്കാരിനെ ആശങ്കയറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കളക്ടറും അടിയന്തരമായി ചീഫ് സെക്രട്ടറിയെ വിവരം ധരിപ്പിച്ചതും. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 7.2 ശതമനമാണ് ഈ രീതിയിലാണ് വ്യാപനമെങ്കില്‍ പൂരം നടക്കുന്ന 23ലെത്തുമ്പോഴേക്കും പോസിറ്റിവിറ്റി നിരക്ക് 20 ശതമനത്തിലെത്തും.അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തുമെന്നും ഇരുപതിനായിരത്തിലധികം േപർ രോഗികളാവുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടി കാണിക്കുന്നു. അതേ സമയം ഡി.എം.ഒയുടെ നിലപാടിനെതിരെ ദേവസ്വങ്ങൾ രംഗത്തെത്തി. പൂരത്തെ തകർക്കാനാണ് ശ്രമമെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ തയ്യാറാണെന്നും പൂരം നടത്തിപ്പിൽ നിന്നും പിന്നോട്ട് പോവാനാവില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. പൂരം നടത്തിപ്പിൽ നിന്നും മാറ്റമില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പൂരം ഒഴിവാക്കാൻ ആലോചനയില്ലെന്നും ആൾക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാനാവുമെന്നും ദേവസ്വങ്ങളും സർക്കാരും യോജിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.