തെക്കേഗോപുര വാതിൽ തുറക്കാൻ ശിവകുമാറെത്തുന്നു: വരവേൽപ്പിനൊരുങ്ങി പൂരാസ്വാദകർ

32

തൃശൂര്‍ പൂരത്തിന് തെക്കേഗോപുര വാതില്‍ തുറക്കാന്‍ ഇത്തവണ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനു പകരം എറണാകുളം ശിവകുമാര്‍. കൊച്ചിന്‍ ദേവസ്വത്തിന്റെ കൊമ്പൻമാരിലെ പ്രമുഖനാണ് എറണാകുളം ശിവകുമാർ. ആരോഗ്യാവസ്ഥയെ തുടർന്നുള്ള വിലക്കിൻറെ സാഹചര്യത്തിൽ തെക്കേഗോപുരവാതിൽ തുറക്കാൻ ശിവകുമാറിനെയാണ് നിയോഗിച്ചിരിക്കുന്നത്. വടക്കുന്നാഥൻറെ കൊക്കർണി പറമ്പിൽ തെക്കേഗോപുര വാതിൽ തുറക്കാനെത്തുന്ന നായകൻറെ ഗമയിലാണ് ഇപ്പോൾ ശിവകുമാർ. ദിവസവും നിരവധി ആളുകളാണ് ശിവകുമാറിനെ കാണാനെത്തുന്നതും. കേരളത്തിലെ നാടന്‍ ആനകളില്‍ തലയെടുപ്പുള്ള ആനകളിലൊന്നാണ് ഈ കൊമ്പന്‍. ഒറ്റക്കൊമ്പനാണെങ്കിലും കൃത്രിമ കൊമ്പിൻറെ അഴക്. അനുസരണക്കാരൻ. ആനപ്രേമികളുടെ പ്രിയപ്പെട്ടവന്‍. ഇതുവരെയും ആരുടെയും പരാതി കേൾപ്പിച്ചിട്ടില്ലാത്തവൻ തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട്. 30 മണിക്കൂർ നീളുന്ന പൂര വിസ്മയത്തിന് വിളംബരമായി കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി പൂരത്തലേന്ന് തെക്കേഗോപുര വാതില്‍ തുറന്നിടുന്നതാണ് ചടങ്ങ്. പിറ്റേന്ന്, കണിമംഗലം ശാസ്താവിന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണിത്. ആദ്യകാലങ്ങളില്‍ അധികം ജനപങ്കാളിത്തം ഉണ്ടാകാറില്ലാത്ത െതക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിനെ ജനകീയമാക്കിയത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍റെ സാന്നിധ്യമായിരുന്നു. പൂരത്തോളം പ്രാധാന്യമായി 2019ലെ പൂരം വരെയും നടന്നു. ശിവകുമാറിന്റെ വരവ് ഗംഭീരമാക്കാനാണ് പൂര- ആനപ്രേമികളുടെ തീരുമാനം. ശിവകുമാറിന് വൻ വരവേൽപ്പൊരുക്കാനും ആലോചിട്ടുണ്ട്.