തെച്ചിക്കോട്ടുകാവിലമ്മയുടെ കോലമേന്തി ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും ഉൽസവ എഴുന്നെള്ളിപ്പിൽ; ആഹ്ളാദത്തോടെ ആരാധകർ, തൃശൂർ പൂര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയില്ല

16
6 / 100

തെച്ചിക്കോട്ടുകാവിലമ്മയുടെ കോലമേന്തി ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും ഉൽസവ എഴുന്നെള്ളിപ്പിൽ. കര്‍ശന ഉപാധികളോടെ രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയതിൽ ആദ്യ എഴുന്നെള്ളിപ്പ് തട്ടകത്തിലായിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് ചേർന്ന നാട്ടാനനിരീക്ഷണ സമിതി യോഗത്തിൽ രാമചന്ദ്രൻറെ എഴുന്നെള്ളിപ്പിനായി വിദഗ്ദ സമിതിയുടെ റിപ്പോർട്ട് തേടിയിരുന്നു. വിദഗ്ദ സമിതിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. ഇതനുസരിച്ച് ആദ്യ എഴുന്നെള്ളിപ്പ് വ്യാഴാഴ്ച സ്വന്തം ക്ഷേത്രമായ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവീക്ഷേത്രത്തിലെ ഉൽസവമായിരുന്നു. രണ്ട് വർഷം തികയാൻ മൂന്ന് മാസം മാത്രം ശേഷിക്കെയാണ് രാമചന്ദ്രൻ വീണ്ടും കോലമേന്തുന്നത്. ആഹ്ളാദാരവങ്ങളോടെയാണ് രാമചന്ദ്രനെ ആരാധാകർ എഴുന്നെള്ളിപ്പിൽ വരവേറ്റത്. 2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനിടയിൽ പടക്കം പൊട്ടുന്നത് കേട്ട് ഭയന്നോടിയ രാമചന്ദ്രൻ രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഉൽസവ എഴുന്നെള്ളിപ്പുകളിൽ വിലക്ക് ഏർപ്പെടുത്തിയത്. കടുത്ത സമ്മർദ്ദത്തെ തുടർന്ന് ആ വർഷം മെയ് 12ന് തൃശൂർ പൂരത്തിൻറെ വിളംബരമായ തെക്കേഗോപുനട തുറക്കുന്നതിന് ഒരു മണിക്കൂർ നേരത്തേക്ക് മാത്രമായി ഇളവുകളോടെ എഴുന്നെള്ളിപ്പിന് അനുമതി ലഭിച്ചിരുന്നു. കനത്ത സുരക്ഷയൊരുക്കിയെങ്കിലും വലിയ ആരവങ്ങളോടെയായിരുന്നു രാമചന്ദ്രൻറെ എഴുന്നെള്ളിപ്പിനായി ആളുകൾ എത്തിയിരുന്നത്. പിന്നീട് 2020 ഫെബ്രുവരിയിൽ വിലക്ക് നീക്കി വ്യവസ്ഥകളോെട തൃശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നെള്ളിപ്പുകൾക്ക് അനുമതി നൽകിയിരുന്നുവെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് ഉൽസവങ്ങൾ ഇല്ലാതിരുന്നതോടെ രാമചന്ദ്രന് എഴുന്നെള്ളിപ്പുകളുണ്ടായില്ല. അന്ന് നാട്ടാന നിരീക്ഷണ സമിതി നിർദ്ദേശിച്ച തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാകണം. ആനയെ ആഴ്ചയില്‍ രണ്ടുതവണ മാത്രം എഴുന്നള്ളിക്കാം. നാലു പാപ്പാന്മാർ കൂടെ വേണം, ജനങ്ങളില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലം പാലിക്കണം. പ്രത്യേക എലിഫന്റ് സ്ക്വാഡ് എല്ലാ എഴുന്നള്ളിപ്പിനും ഉണ്ടാകണമെന്നും തുടങ്ങി കർശന വ്യവസ്ഥകളാണ് രാമചന്ദ്രൻറെ എഴുന്നെള്ളിപ്പിനായി ഇപ്പോഴും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിലുള്ളത്. ആന ഉടമ എന്ന നിലയിൽ രാമചന്ദ്രന്റെ എഴുന്നള്ളിപ്പു സമയത്തെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കുമെന്ന സത്യവാങ്മൂലത്തിലാണ് എഴുന്നെള്ളിപ്പുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. അതേ സമയം തൃശൂർ പൂരവുമായി ബന്ധപ്പെട്ട് തെക്കേഗോപുര നട തുറക്കുന്നതടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഇപ്പോൾ നൽകിയിരിക്കുന്ന അനുമതി ബാധകമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിൻറെ നിർദ്ദേശം.