‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങൾ ഉണ്ടാകും’: അതിര് വിടേണ്ട, ക്ലബ് ഹൗസിൽ പോലീസുമുണ്ട്

39

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിലും കേരള പോലീസ്. കെ.പി.എസ്.എം സെൽ എന്ന യൂസർ ഐഡിയിലാണ് കേരള പോലീസ് പുതിയ അക്കൗണ്ട് ആരംഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് ക്ലബ് ഹൗസിൽ അക്കൗണ്ട് എടുത്ത കാര്യമറിയിച്ചെത്തിയത്. ‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങൾ ഉണ്ടാകും’ എന്ന അടിക്കുറിപ്പോടെ ട്രോൾ രൂപത്തിലാണ് ക്ലബ് ഹൗസിലേക്കുള്ള വരവ് മലയാളികളെ കേരള പോലീസ് അറിയിച്ചത്. ക്ലബ് ഹൗസിലെ വ്യാജ ഐഡികൾ സംബന്ധിച്ച് സുരേഷ് ഗോപി അടക്കമുള്ള നിരവധി പ്രമുഖർ പരാതിയുമായി എത്തിയിരുന്നു. ഇതോടെയാണ് ക്ലബ് ഹൗസിലും പട്രോളിംഗ് നടത്താൻ പോലീസ് തീരുമാനിച്ചത്. പ്ലാറ്റ് ഫോം ഉപയോഗിച്ച് സമൂഹ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്നും കേരള പോലീസിന്റെ സൈബർ വിഭാഗം നിരീക്ഷിക്കും.
കഴിഞ്ഞ മാസം ആൻഡ്രോയ്ഡിലും ക്ലബ് ഹൗസ് എത്തിയതോടെയാണ് സ്വീകാര്യത വർധിച്ചത്. ശബ്ദമാണ് ക്ലബ് ഹൗസിന്റെ പ്രധാന ആശയവിനിമയ മാർഗ്ഗം. കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇൻവൈറ്റ് സംവിധാനം ഒഴിവാക്കാനാണ് ആപ്പ് അധികൃതർ ആലോചിക്കുന്നത്. നിലവിൽ 20 ലക്ഷം ആൻഡ്രോയ്ഡ് ഉപഭോക്താക്കളാണ് ക്ലബ് ഹൗസിനുള്ളത്.