ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: അനുപാതം നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

3

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. നിയമപരമായ പരിശോധനയും വിദഗ്ധ സമിതിയുടെ പഠനവും പ്രായോഗിക നിര്‍ദേശങ്ങളും സമുന്വയിപ്പിച്ച് പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 
എല്ലാ അര്‍ഥത്തിലും അഭിപ്രായ സമുന്വയമാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശം വെച്ചത് സി.പി.എമ്മാണ്. നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങള്‍ക്ക് അതില്‍ കുറവു വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ആനുപാതികമായി ആനുകൂല്യം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. 
സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നൂറുശതമാനവും മുസ്‌ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് മുസ്‌ലിം ലീഗ് നിലപാടെടുത്തു.  എന്നാല്‍ മറ്റ് ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്ക്  ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കോളര്‍ഷിപ്പുകള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഐ.എന്‍.എല്‍. ഉന്നയിച്ചത്. കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് (ജോസഫ്), ബി.ജെ.പി. എന്നിവര്‍ ഹൈക്കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.