പരമ്പരാഗതമായി മൽസരിക്കുന്നതും വർധിച്ച ശക്തിയനുസരിച്ചും സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജോസ് കെ.മാണി

14
8 / 100

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ.മാണി. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുളള സിപിഎം-കേരള കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ജോസ് കെ.മാണി, റോഷി അഗസ്റ്റിന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
‘കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതും ജനപിന്തുണയുള്ളതുമായ പ്രദേശങ്ങളെ കുറിച്ച് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായിട്ടുള്ള സീറ്റുകളുണ്ട്. കൂടാതെ ഇപ്പോള്‍ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെ അധികം ആളുകള്‍ ഇപ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നായി പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്ത് ചില പ്രദേശങ്ങള്‍ ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.’ ജോസ് കെ.മാണി പറഞ്ഞു.
വളരെ പോസിറ്റീവായിട്ടാണ് ചര്‍ച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു. ന്യായമായ കാര്യങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം എത്ര സീറ്റുകള്‍ തങ്ങള്‍ ചോദിച്ചുവെന്നതിന് ഉത്തരം നല്‍കിയില്ല. മറ്റു പാര്‍ട്ടികളുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ ധാരണയാകുമെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.