പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വി.എസ് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി: വിജിലൻസ് കോടതി ഉത്തരവ് ശരിവെച്ചു

7

പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറിയായിരുന്ന ഇകെ ഭരത് ഭൂഷൺ തുടങ്ങിയവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നായിരുന്നു വി.എസ് അച്യുതാനന്ദൻ ഹർജിയിൽ ആവശ്യപ്പെട്ടത്. പാറ്റൂർ കേസിലെ എഫ്.ഐ.ആർ നേരത്തെ തന്നെ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ വി.എസിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. റദ്ദാക്കിയ എഫ്.ഐ.ആറിൽ പറയുന്നതിൽ കൂടുതലായൊന്നും വി.എസ് നൽകിയ അപേക്ഷയിൽ പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വി.എസിന്റെ ഹർജി അംഗീകരിച്ചാൽ ഒരേ കേസിൽ രണ്ട് എഫ്.ഐആർ രജിസ്റ്റർ ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു. പാറ്റൂരിലെ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിർമ്മാണത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്നാണ് ആരോപണം. ഉമ്മൻ ചാണ്ടി, ഭരത് ഭൂഷൻ, സ്വകാര്യകമ്പനി ഉടമ എന്നിവരെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. സമാനമായ പരാതി ലോകായുക്തയിലുള്ളതിനാൽ കേസെടുക്കാൻ ആകില്ലെന്നായിരുന്നു കോടതിയിൽ നേരിട്ട് ഹാജരായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചത്. പാറ്റൂരില്‍ 31 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കൈയേറി ഫ്ലാറ്റ് നിര്‍മ്മിച്ചുവെന്നാണ് ആരോപണം. ഇതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടറിന് ലഭിച്ചിരുന്നു. സമാനകേസ് ലോകായുക്തയിലുണ്ടെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് തുടര്‍നടപടി സ്വീകരിച്ചിരുന്നില്ല. പാറ്റൂര്‍ ഭൂമിയില്‍ വിജിലന്‍സ് നടത്തിയ രഹസ്യപരിശോധനയില്‍ കൈയേറ്റം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവാദങ്ങളും ആരംഭിക്കുന്നത്.