പിണറായിയെ പ്രകീർത്തിച്ച്, ബി.ജെ.പി നേതൃത്വത്തിനെതിരെ തുറന്നടിച്ച് സി.കെ.പത്മനാഭനും: വടക്കേ ഇന്ത്യയിലെ ഹെലികോപ്ടർ രാഷ്ട്രീയം കേരളത്തിൽ ചിലവാകില്ല; ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് പിണറായിക്ക് ജനങ്ങൾ തുടർഭരണം നൽകിയത്, കോവിഡ് പ്രതിസന്ധിയിൽ മറ്റ് ഏത് സംസ്ഥാനങ്ങളേക്കാൾ മികച്ച പ്രവർത്തനം നടത്തിയത് പിണറായി സർക്കാരെന്നും സി.കെ.പത്മനാഭൻ

66

തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബി.ജെ.പി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ദേശീയ സമിതി അംഗം സി കെ പത്മനാഭൻ. സംഘടനാ സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം വേണം. സംസ്ഥാന രാഷ്ട്രീയത്തിന്റെ മർമ്മം മനസിലാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. എൽ.ഡി.എഫ് വിജയത്തിൽ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് വലിയ പങ്കുണ്ടെന്നും പത്മനാഭൻ പറഞ്ഞു. വടക്കേന്ത്യയിലെ ജനങ്ങൾക്ക് ഇടയിൽ ചെലവാകുന്ന തന്ത്രങ്ങൾ ഇവിടെ ചിലവാകില്ല. ഹെലികോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചിലവാകില്ലെന്നും സി.കെ പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു. പിണറായി വിജയനോടുള്ള ജനങ്ങളുടെ താത്പര്യമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടുന്നതില്‍ മറ്റ് പല സംസ്ഥാനങ്ങളും കാണിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമത പിണറായി സര്‍ക്കാര്‍ കാണിച്ചു. എന്തുകൊണ്ട് തോറ്റുവെന്ന് അത്മപരിശോധന നടത്തേണ്ട സമയമാണ് പാര്‍ട്ടിക്കുള്ളതെന്നും തോല്‍വി അംഗീകരിക്കണമെന്നും പത്മനാഭന്‍ പറഞ്ഞു. കെ.സുരേന്ദ്രന്‍ രണ്ട് ഇടങ്ങളില്‍ മത്സരിച്ചത് വേണ്ടവിധത്തിലുള്ള കൂടിയാലോചന ഇല്ലാതെയാണെന്നും പത്മനാഭന്‍ വിമർശിച്ചു. ‘പിണറായി ചെയ്ത നല്ലതെല്ലാം തിരസ്‌കരിച്ച് കുറ്റം മാത്രം കണ്ടെത്തിയിട്ട് കാര്യമില്ല, തുടർഭരണമെന്ന ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരത്തിന് പിണറായിക്ക് ജനം മികച്ച പിന്തുണ നല്‍കുകയായിരുന്നുവെന്നും പിണറായിക്കെതിരെ എൻ.ഡി.എ സ്ഥാനാർഥി കൂടിയായിരുന്ന സി.െക.പത്മനാഭൻ പറഞ്ഞു.