പി.എസ്.സി. പരീക്ഷയുടെ സിലബസ് ചോര്‍ന്നുവെന്ന് ആരോപണം

6

പി.എസ്.സി. പരീക്ഷയുടെ സിലബസ് ചോര്‍ന്നുവെന്ന് ആരോപണം. എല്‍.ഡി.സി, എല്‍.ജി.എസ് പരീക്ഷകളുടെ സിലബസാണ് ചോര്‍ന്നത്. സിലബസ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചു എന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. എന്നാല്‍ സംഭവത്തില്‍ അസ്വഭാവികതയില്ലെന്നും ചെയര്‍മാര്‍ അംഗീകരിച്ച സിലബസ് എങ്ങനെ സമൂഹമാധ്യമങ്ങളില്‍ എത്തിയെന്ന് അറിയില്ലെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം.
എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകളുടെ പുതുക്കിയ സിലബസ് ഇന്ന് രാവിലെയാണ് പി.എസ്.സി. ഔദ്യോഗിക സൈറ്റിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സിലബസിന്റെ പൂര്‍ണരൂപം പ്രചരിച്ചിരുന്നു. ഒരുപാട് മാറ്റങ്ങളോടെ പി.എസ്.സി.  തയ്യാറാക്കിയ സിലബസ് എങ്ങനെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആശങ്ക.  
പരീക്ഷാ വിജ്ഞാപനം, സിലബസ്, റാങ്ക് ലിസ്റ്റ് തുടങ്ങി എല്ലാ ഔദ്യോഗിക വിവരങ്ങളും വാര്‍ത്താക്കുറിപ്പ് വഴിയോ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആണ് പുറത്തിറക്കാറുള്ളത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുമ്പ് ഇത് എങ്ങനെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ന് സിലബസാണ് ചോര്‍ന്നതെങ്കില്‍ നാളെ ചോദ്യപ്പേപ്പര്‍ ആയിരിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ ആശങ്കപ്പെടുന്നു. 
എന്നാല്‍ ഇന്നലെ തന്നെ പി.എസ്.സി സിലബസിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയതാണെന്നും സംഭവത്തില്‍ അസ്വാഭാവികയില്ലെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം.