പൂർണ്ണമായ അടച്ചിടൽ ഒഴിവാക്കാമെന്ന് കെ.ജി.എം.ഒ.എ: തുണിക്കടകൾ അടക്കമുള്ള മുഴുവൻ കടകളും ദിവസവും തുറക്കാം; റിസോർട്ടുകളും ഹോട്ടലുകളും 25 ശതമാനം ശേഷിയിൽ തുറക്കാമെന്നും കെ.ജി.എം.ഒ, മുഖ്യമന്ത്രിക്ക് കത്ത് നൽകി

55

പൂർണ്ണമായ അടച്ചിടൽ ഒഴിവാക്കാമെന്ന് സർക്കാർ ഡോക്ടർമാരുടെ സം​ഘടനയായ കെ.ജി.എം.ഒ.എ. തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടൈയിൻമെന്റെ മേഖലകൾ കണ്ടെത്തി അവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്തണം. ടി.പി.ആറിനെ മാത്രം അ‌ടിസ്ഥാനമാക്കി പ്രദേശങ്ങൾ തരംതിരിക്കുന്ന നിലവിലെ രീതിക്ക് പകരം പ്രതിദിനമുള്ള പുതിയ പോസിറ്റീവ് കേസുകൾ, ആക്ടീവ് കേസുകൾ എന്നിവ കൂടി കണക്കാക്കണമെന്ന് കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്കും വിദ​ഗ്ധ സമിതിക്കും നൽകിയ കത്തിൽ പറയുന്നു. തുണിക്കടകൾ ഉൾപ്പെടെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്ന നിർദേശവും കെ.ജി.എം.ഒ.എ മുന്നോട്ടുവയ്ക്കുന്നു. പാർട്ടീഷ്യൻ ചെയ്ത ടാക്സികളും ഓട്ടോകളും ഓടാൻ അനുവദിക്കണം. ഡ്രൈവർ ക്യാബിനിൽ യാത്ര അനുവദിക്കരുത്. ഭക്ഷണശാലകൾ തൽകാലം തുറക്കണ്ട. റിസോർട്ടുകളും ഹോട്ടലുകളും 25ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്സിൻ എടുത്തവരേയും കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരയേും പ്രവേശിപ്പിക്കാം.വലിയ ഒത്തുചേരലുകൾ ഒഴിവാക്കണം. ടി.പി.ആർ കുറയ്ക്കുന്നതിന് വേണ്ടി മാത്രം പരിശോധനകളുടെ എണ്ണം കൂട്ടുന്നത് ഒഴിവാക്കണം. രോ​ഗ ലക്ഷണങ്ങളുള്ളവരേയും അവരുടെ സമ്പർക്കത്തിൽ ഉള്ളവരേയുമാണ് പരിശോധിക്കേണ്ടത്. കോളനികൾ തീരദേശ മേഖലകൾ തുടങ്ങി ജനങ്ങൾ തിങ്ങി പാർക്കുന്ന ഇടങ്ങളിൽ പരിശോധന കർശനമാക്കണം. വാക്സിനേഷൻ പ്രക്രിയ പൂർണമായും ഓൺലൈനായി മാറണമെന്നതാണ് കെ.ജി.എം.ഒ എയുടെ മറ്റൊരു ആവശ്യം. ഔൺലൈനായും ഓഫ് ലാനായും നൽകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന്റെ ചുമതല തദ്ദേശ ഭരണ സഥാപനങ്ങൾക്ക് നൽകണമെന്നും കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.