പൊട്ടിത്തെറിച്ച് യു.ഡി.എഫ് യോഗം: കോൺഗ്രസിന് അതിരൂക്ഷ വിമർശനം; വിട്ടു നിന്ന് ഷിബു ബേബി ജോൺ, കോൺഗ്രസ് അപമാനിച്ചുവെന്ന് സി.എം.പിയും ഫോർവേഡ് ബ്ളോക്കും, അഭിപ്രായം പ്രകടിപ്പിക്കാതെ യോഗത്തിൽ ചെന്നിത്തല

13

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേർന്ന യു.ഡി.എഫ് യോഗത്തിൽ കക്ഷികൾക്കിടയിൽ കടുത്ത പ്രതിഷേധവും വിയോജിപ്പും. സ്വയ വിമർശനത്തോടെയായിരുന്നു അഭിപ്രായപ്രകടനമെങ്കിലും കോൺഗ്രസിനെതിരെയായിരുന്നു ചാട്ടുളി. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിൽ അമിത ആത്മവിശ്വാസത്തിലായപ്പോൾ സർക്കാർ അനുകൂല തരംഗം മുൻകൂട്ടി കാണാനായില്ലെന്ന് യു.ഡി.എഫ് യോഗത്തിൽ വിമർശനം ഉയർന്നു. ഐശ്വര്യ കേരള യാത്രയിലെ ആൾക്കൂട്ടം കണ്ട് തെറ്റിദ്ധരിച്ചു. ഘടകകക്ഷികളായിരുന്ന കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും ജനതാദളും പോയത് മുന്നണിക്ക് ക്ഷീണമായെന്നും ഘടകകക്ഷികൾ തന്നെ അഭിപ്രായപ്പെട്ടു. തോൽവി വിശദമായി പഠിക്കണമെന്ന് മുസ്ലിം ലീഗ് യോഗത്തിൽ അഭിപ്രായപ്പെട്ടു. ചെറു പാർട്ടികൾക്ക് സീറ്റ് നൽകാതെ കോൺഗ്രസ് അപമാനിച്ചെന്ന് സി.എം.പിയും ഫോർവേഡ് ബ്ളാക്കും അഭിപ്രായപ്പെട്ടു. സി.പി.എം ചെറുകക്ഷികളെ അടക്കം ജയിപ്പിച്ച് മന്ത്രിയാക്കിയത് കാണണമെന്നും സി.പി. ജോണും ജി ദേവരാജനും യോഗത്തിൽ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ചെയർമാനെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഘടക കക്ഷികൾക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നായിരുന്നു ഭാരതീയ നാഷണൽ ജനതാദളിൻറെ വിമർശനം. യോഗത്തിൽ നിന്നും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണും വിട്ടുനിന്നു. യോഗത്തിൽ അഭിപ്രായങ്ങളൊന്നും പ്രകടിപ്പിക്കാതെയായിരുന്നുവത്രെ രമേശ് ചെന്നിത്തല യോഗത്തിൽ പങ്കെടുത്തത്.