പോലീസിന് ഭ്രാന്ത് പിടിച്ചെന്ന് പ്രതിപക്ഷം; അട്ടപ്പാടി ഊരിലെ ‘പോലീസ്’ അതിക്രമത്തെയും പിഴയീടാക്കലിനെയും ന്യായീകരിച്ച് പിണറായിയുടെ ‘ഗതികേട്’

20

അട്ടപ്പാടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഊര് മൂപ്പനേയും മകനേയും പിടികൂടിയ സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അയൽവാസിയെ ആക്രമിച്ചതിനാലാണ് മൂപ്പനെ കസ്റ്റഡിയിലെടുത്തതെന്നും പോലീസിന് ഭ്രാന്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബ കലഹമാണ് തർക്കത്തിന് കാരണം. ക്രമസമാധാനം നിലനിർത്താനാണ് പോലീസ് ശ്രമിച്ചത്. പോലീസിന്റേത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനേയും മകനേയും അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വട് ലക്കി ഊരിലെ ചൊറിയമൂപ്പനും ബന്ധു കുറന്താ ചലവും തമ്മിലായിരുന്നു തർക്കം. കുറന്താ ചലയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പശുവിനെ മേയ്ച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പോലീസ് ജനങ്ങൾക്ക് എതിരാണെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് നാടിനെതിരെയെന്ന് വരുത്തി തീർക്കാനാണ് ശ്രമം നടക്കുന്നത്. പോലീസ് ജനകീയ സേന എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ദുരന്തങ്ങളിൽ ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിച്ചവരാണ് പോലീസ്. അതാണ് നമ്മുടെ നാട്ടിലെ അനുഭവം. മഹാപ്രളയത്തിലും മഹാമാരിയിലുമടക്കം അത് കണ്ടു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുതെന്നും പോലീസ് ചെയ്യുന്നത് സർക്കാർ ഏൽപ്പിച്ച ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പോലീസിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് സഭയിൽ പ്രതിപക്ഷം ഉന്നയിച്ചത്. പോലീസിന് ഭ്രാന്തുപിടിച്ചെന്നാണ് എൻ ഷംസുദ്ദീൻ പറഞ്ഞത്. നാട്ടിൽ മുഴുവൻ പോലീസ് അഴിഞ്ഞാടുകയാണ്. കേരളത്തെ ‘പോലീസ് രാജെ’ന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ജനങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അട്ടപ്പാടിയിലെ നടപടിയ്‌ക്ക് കാരണം മൂപ്പനും മകനും സിപിഎമ്മിൽ നിന്നും അകന്നതുകാരണമാണെന്നും എംഎൽഎ ആരോപിച്ചു.