പോലീസിൽ അഴിച്ചുപണിക്കൊരുങ്ങി സർക്കാർ: പോലീസ് മേധാവി സ്ഥാനത്തേക്ക് ടോമിൻ തച്ചങ്കരിക്ക് മുൻഗണന; ബെഹ്റ കേന്ദ്രത്തിലേക്ക് പോയില്ലെങ്കിൽ ഉപദേഷ്ടാവ് സ്ഥാനമോ സിയാൽ എം.ഡിയോ

38

സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ച് പണിക്കൊരുങ്ങി സര്‍ക്കാര്‍. ഡി.ജി.പി സ്ഥാനം മുതല്‍ താഴേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ മാറ്റങ്ങളുണ്ടാകും. മെയ് 24 ന് പുതിയ ഡി.ജി.പി ആരെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. പോലീസ് മേധാവി സ്ഥാനത്തേക്ക് ടോമിന്‍ ജെ തച്ചങ്കരി തന്നെ വന്നേക്കുമെന്നാണ് സൂചന. 
തച്ചങ്കരിക്കെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. വിജിലന്‍സ് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഡി.ജി.പി സ്ഥാനത്തേക്ക് സാധ്യതയുള്ള സുധേഷ്‌കുമാറിന് മകള്‍ക്കെതിരായ കേസ് തിരിച്ചടിയാകുമെന്നാണ് സൂചന. ഡി.ജി.പി സ്ഥാനത്തേക്ക് സര്‍ക്കാര്‍ തീരുമാനിച്ച ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് മുന്നിലാണ്. 24ന് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലായം ചുരുക്കപ്പട്ടിക സംസ്ഥാനത്തിന് കൈമാറും. ഇതില്‍ നിന്നാണ് പുതിയ ഡി.ജി.പിയെ തിരഞ്ഞെടുക്കുക.
നിലവില്‍ സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നത് ടോമിന്‍ ജെ തച്ചങ്കരിക്കാണ്. കെ.എഫ്.സി എംഡിയാണ് ഇപ്പോള്‍ തച്ചങ്കരി.  
നിലവിലെ ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്നതിന് മുമ്പ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയില്ലെങ്കില്‍ സിയാല്‍ എം.ഡി സ്ഥാനമോ അല്ലെങ്കില്‍ പോലീസ് ഉപദേഷ്ടാവ് സ്ഥാനമോ ബെഹ്റയ്ക്ക് ലഭിച്ചേക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ബെഹ്റയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് തൃപ്തിയുണ്ട്. അതിനാല്‍ മികച്ച സ്ഥാനം നല്‍കണമെന്ന അഭിപ്രായം ആഭ്യന്തര വകുപ്പിനുണ്ട്.