പ്രളയ സെസ് പിൻവലിച്ചു: ഇന്നുമുതൽ പ്രാബല്യത്തിൽ ആയിരത്തിലധികം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറയും

15

സംസ്ഥാനം പ്രളയ സെസ് പിന്‍വലിച്ചതോടെ ആയിരത്തിലധികം ഉൽപ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇന്നു മുതല്‍ വില കുറയും. ഗൃഹോപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങള്‍ക്കും വില കുറയുകയാണ്. കാറുകള്‍ക്ക് നാലായിരം രൂപ മുതല്‍ കുറവുണ്ടാകും. പുതിയ വാഹനങ്ങളുടെ വാഹനനികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും.
കോവിഡ് പ്രതിസന്ധിക്കാലത്ത് ജനങ്ങള്‍ക്കാശ്വാസവും വിപണിക്ക് ഉണര്‍വും നല്‍കുന്നതാണ് പ്രളയ സെസ് പിന്‍വലിക്കാനുള്ള തീരുമാനം. 
കഴിഞ്ഞ രണ്ട് വര്‍ഷമായി ടിവി ഫ്രിഡ്ജ്, എസി തുടങ്ങീ ചെറുതും വലുതുമായ വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ശതമാനം ഉണ്ടായിരുന്ന സെസ് സാമ്പത്തിക ഭാരമായിരുന്നു ഉപഭോക്താക്കളെ സംബന്ധിച്ച്. സെസ് ഒഴിവായതോടെ 20,000 രൂപയുടെ ടിവിക്ക് 200 രൂപ കുറയും. കമ്പ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവക്കും വില കുറയും. ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറും ബൈക്കും വാങ്ങിക്കുമ്പോള്‍ വിലയിലെ ഒരു ശതമാനം കുറവ് വലിയ ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക.  3.5 ലക്ഷം രൂപയുടെ കാറിന് 4000 രൂപ കുറയും. 10 ലക്ഷം രൂപയുടെ കാറിന് 10,000 വരെ കിഴിവുണ്ടാകും. 
വാഹനങ്ങള്‍ക്ക് മാത്രമല്ല ടയര്‍, ബാറ്ററി തുടങ്ങിയ അനുബന്ധ ഘടകങ്ങള്‍ക്കും വില കുറയും. 
ഈ മാസം മുതല്‍ ഇന്‍ഷുറന്‍സ്, ടെലിഫോണ്‍ ബില്‍, ബാങ്കിങ് സേവനം, മൊബൈല്‍ റി ചാര്‍ജ്ജ് തുടങ്ങിയ ചിലവിലും കാര്യമായ കുറവുണ്ടാകും. ആയിരം രൂപയില്‍ കൂടിയ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും എസ്‌ക്രീം കുട എന്നിവക്കും നിരക്ക് കുറയും. സ്വര്‍ണ്ണം വെള്ളി വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവക്കുണ്ടായിരുന്നു കാല്‍ ശതമാനം സെസ് ഇല്ലാതാകുന്നത് ആശ്വാസമാകും.