ബി.ജെ.പിയെ വെട്ടിലാക്കി ഒ.രാജഗോപാൽ: കാർഷിക നിയമത്തിനെതിരെയുള്ള പ്രമേയത്തെ അംഗീകരിക്കുന്നുവെന്ന് രാജഗോപാൽ മാധ്യമങ്ങളോട്

19

ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ഒ. രാജഗോപാല്‍ എം.എ.ല്‍എ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയ്ക്കകത്ത് കേന്ദ്രനിയമത്തെ അനുകൂലിച്ച് സംസാരിച്ചുവെങ്കിലും നിയമത്തെ എതിര്‍ക്കുന്നതില്‍ കുഴപ്പം കാണുന്നില്ലെന്ന് ഒ. രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയില്‍ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. സഭയില്‍ എന്റെ അഭിപ്രായം പറഞ്ഞു. എന്നാല്‍ എതിര്‍വാദങ്ങള്‍ അങ്ങനെയല്ല. ഞാനത് സ്വീകരിക്കുന്നു. പ്രമേയത്തെ അനുകൂലിക്കുന്നു. കേന്ദ്രനിയമത്തിനെതിയുള്ള പ്രമേയം അംഗീകരിക്കുന്നുവെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടിന് എതിരെയുള്ള രാജഗോപാലിൻറെ നിലപാട് വിവാദത്തിലായി. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയത്തിന്റെ കാര്യത്തിലും ഒ. രാജഗോപാല്‍ വോട്ടിംഗിന് ആവശ്യപ്പെടാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തിനെതിരെ ഒ. രാജഗോപാല്‍ വോട്ട് രേഖപ്പെടുത്തുമെന്ന് ബിജെപി നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നുവെങ്കിലും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു സംസ്ഥാനത്തെ മുതിർന്ന നേതാവ് കൂടിയായ രാജഗോപാലിൻറെ ഭാഗത്ത് നിന്നുമുണ്ടായത്.