മദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ണാടക

7

ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തില്‍ പോകാന്‍ മദനിയെ അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍ നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ട്. അബ്ദുല്‍ നാസര്‍ മദനി കേരളത്തില്‍ എത്തിയാല്‍ ഒളിവില്‍ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എഴുതിനല്‍കിയ വാദങ്ങളില്‍ ആരോപിക്കുന്നു.
കര്‍ണാടക ആഭ്യന്തര വകുപ്പ് സുപ്രീം കോടതിയില്‍ എഴുതിനല്‍കിയ വാദങ്ങളിലാണ് ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തില്‍ പോകാന്‍ മദനിക്ക് അനുമതി നല്‍കിയാല്‍ ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്. പാകിസ്താനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് സമീപകാലത്ത് എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇത്തരക്കാരുമായി മദനി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്ന ആരോപണമാണ് കര്‍ണാടകം ഉന്നയിച്ചിരിക്കുന്നത്. 
കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത 26 പേജ് ദൈര്‍ഘ്യമുള്ള സ്റ്റേറ്റ്‌മെന്റില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മദനിയുടെ അഭിഭാഷകര്‍ ആരോപിച്ചു. ആന്ധ്രപ്രേദേശിലെ വിജയവാഡയില്‍ മദനിക്കെതിരെ കേസുണ്ടെന്നത് ഉള്‍പ്പടെ നിരവധി അസത്യങ്ങളാണ് കര്‍ണാടകം കോടതിയെ അറിയിച്ചിരിക്കുന്നത്. വിവിധ കോടതികള്‍ കുറ്റവിമുക്തമാക്കിയ കേസ്സുകളാണ് കര്‍ണാടകം മദനിയെ എതിര്‍ക്കാനായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകര്‍ അറിയിച്ചു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.