മന്ത്രി ആർ.ബിന്ദു സത്യപ്രതിജ്ഞയിൽ തെറ്റിദ്ധരിപ്പിച്ചുവെന്ന് വിവാദം: അസോ.പ്രൊഫസറായ മന്ത്രി പ്രൊഫസർ എന്ന് വിശേഷിപ്പിച്ചത് സത്യപ്രതിജ്ഞാ ലംഘനമെന്ന് ആക്ഷേപം

75

ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ സത്യപ്രതിജ്ഞ വിവാദത്തില്‍. ഗവർണറുടെ മുന്നിൽ അസോസിയേറ്റ് പ്രൊഫസര്‍ മാത്രമായ ബിന്ദു, പ്രൊഫസര്‍ എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് ആക്ഷേപം. ഔദ്യോഗികമായി പ്രൊഫസര്‍ എന്ന് വിശേഷിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലത്രെ. സത്യപ്രതിജ്ഞാച്ചടങ്ങ് പോലുള്ള ഔദ്യോഗിക പരിപാടികളില്‍ പ്രൊഫസര്‍ എന്ന് വിശേഷിപ്പിക്കുന്നതിനുള്ള കീഴ്വഴക്കവും നിലവിലില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശ്രീ കേരളവര്‍മ്മ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായായിരുന്നു ബിന്ദു പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍, അണ്‍-എയിഡഡ്, എയിഡഡ് കോളേജുകളില്‍ പ്രൊഫസര്‍ തസ്തിക നിലവിലില്ല. സര്‍വകലാശാലകളിലെ വിവിധ വകുപ്പുകളിലെ അധ്യാപകര്‍ക്കുമാത്രമാണ് പ്രൊഫസര്‍ തസ്തികകള്‍ അനുവദിക്കുക. കേരള വര്‍മ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ബിന്ദു. തെരഞ്ഞെടുപ്പിന് മുമ്പാണ് സ്വയം വിരമിച്ചത്. അസി. പ്രൊഫസറായാണ് കോളേജുകളില്‍ അധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുക. തുടര്‍ന്ന് 8 വര്‍ഷത്തിനുശേഷം അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നല്‍കും. പ്രൊഫസര്‍ തസ്തിക ലഭിക്കണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. യു.ജി.സിയുടെ സെലക്ഷന്‍ കമ്മിറ്റിയാണ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക.
പ്രൊഫസര്‍ തസ്തിക സംബന്ധിച്ച് ഹൈക്കോടതിയില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2018 ജൂലായ് 17 ന് ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും പ്രൊഫസര്‍ തസ്തിക അനുവദിച്ചിട്ടില്ല. കേരളവര്‍മ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മോധാവി കൂടിയായിരുന്ന ബിന്ദുവിനെ കഴിഞ്ഞ ഒക്ടോബറിലാണ് വൈസ് പ്രിന്‍സിപ്പലായി നിയമിച്ചത്. സി.പി.എം ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ.വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു.