മന്ത്രി സുനിൽകുമാർ കോവിഡ് മുക്തനായി: വീട്ടിൽ വിശ്രമം തുടരും

13

മന്ത്രി വി.എസ് സുനിൽകുമാർ കോവിഡ് മുക്തനായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മന്ത്രി വിദഗ്ദ പരിശോധനകൾക്ക് ശേഷം ആശുപത്രി വിട്ടു. അദ്ദേഹത്തോടൊപ്പം കോവിഡ് സ്ഥിരീകരിച്ചിരുന്ന മകൻ നിരഞ്ജനും രോഗമുക്തനായി. മന്ത്രി തന്നെയാണ് ഇക്കാര്യമറിയിച്ചത്. ഇക്കഴിഞ്ഞ വിഷുനാളിലാണ് മന്ത്രിയെയും മകനെയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ ഏതാനും ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ വീട്ടിൽ തുടരുമെന്നും അതിനു ശേഷം വീണ്ടും പൊതുരംഗത്ത് സജീവമാകുമെന്നും മന്ത്രി അറിയിച്ചു. അസുഖ സമയത്ത് ശുശ്രൂഷിച്ച ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ഫോണിലും വീട്ടിലും ഓഫീസിലുമൊക്കെ വിളിച്ച് രോഗവിവരം അന്വേഷിച്ചവർ തുടങ്ങിയവർക്ക് മന്ത്രി നന്ദി അറിയിച്ചു.