മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി: രമേശ് ചെന്നിത്തലക്കും ഷാനിമോൾ ഉസ്മാനും സുധാകരന്റെ വിമർശനം, ചെന്നിത്തല നിലപാട് മാറ്റി, തന്നോട് പിൻവലിക്കാൻ പറയാൻ ഷാനിമോൾ ആരാണ്…? തനിക്കെതിരെ കോൺഗ്രസിൽ ഗൂഢനീക്കമെന്നും സുധാകരൻ, നിലവിടരുതെന്ന് താരിഖ് അൻവറിൻറെ താക്കീത്

30
8 / 100

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള പരാമര്‍ശത്തിൽ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജാതി പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച കെ.സുധാകരന്‍ രമേശ് ചെന്നിത്തലയെയും ഷാനിമോള്‍ ഉസ്മാനെയും രൂക്ഷമായി വിമര്‍‌ശിച്ചു. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമര്‍ശം. തന്റെ പരാമര്‍ശം തെറ്റല്ലെന്ന് ഇന്നലെ പറഞ്ഞ രമേശ് ചെന്നിത്തല ഇന്ന് നിലപാടു മാറ്റി. പ്രസംഗിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ആർക്കും വേണ്ടി തന്റെ ശൈലി മാറ്റില്ല. താന്‍ കെ.പി.സി.സി പ്രസിഡന്റാകാതിരിക്കാന്‍ നീക്കമെന്ന് കെ.സുധാകരന്‍ ആരോപിച്ചു. തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും. താൻ പറ‍ഞ്ഞത് പിൻവലിക്കണമെന്ന് പറയാൻ ഷാനി മോൾ ഉസ്മാൻ എം.എൽ.എ ആരെന്ന് സുധാകരൻ ചോദിച്ചു. തന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഷാനിമോള്‍ കെപിസിസി പ്രസിഡന്റാണോ?. പറഞ്ഞത് ജാതിയല്ല, തൊഴിലിനെക്കുറിച്ചാണ്. ഒരു തൊഴിലാളിയുടെ മകനെന്ന് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകും..? അതുകൊണ്ട് തന്നെ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു. അതിനിടെ വിവാദ പരാമർശം ശ്രദ്ധയിൽപ്പെട്ട കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ സുധാകരന് മുന്നറിയിപ്പുമായെത്തി. നിലവിട്ട് പെരുമാറരുതെന്ന് താക്കീതും നൽകി. വിഷയം കോൺഗ്രസിൽ ആളിക്കത്തുകയാണ്.