‘മുഖ്യമന്ത്രി പിണറായി’യെ അഭിനന്ദിച്ച് ‘മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ’: കൈ കൊടുക്കുന്ന ചിത്രം പങ്കുവെച്ച് മമ്മുട്ടിയുടെ അഭിനന്ദന പോസ്റ്റ്

78

തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ രംഗത്ത് എത്തുകയാണ്. ഇപ്പോള്‍ പിണറായിയെ അഭിനന്ദിച്ച് മമ്മൂട്ടിയും രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ പോസ്റ്റ്. പിണറായി വിജയന് കൈ കൊടുക്കുന്ന ചിത്രം പങ്കുവെച്ച് ‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ’ എന്ന് മമ്മുട്ടി കുറിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായിരുന്നു മമ്മുട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന വൺ എന്ന സിനിമ. റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വരികയും ചെയ്തിരുന്നു. പിണറായി വിജയനുമായി സാമ്യതകളുളളതാണ് മമ്മുട്ടി അഭിനയിച്ച മുഖ്യമന്ത്രി കടക്കൽ ചന്ദ്രനെന്ന കഥാപാത്രമെന്നും ഇത് വോട്ടർമാരെ സ്വാധീനിക്കുന്നതാണെന്നുമായിരുന്നു ആക്ഷേപം.