മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് വാങ്ങുമെന്ന് മുഖ്യമന്ത്രി: ആഗോള ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും

13

മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ആഗോള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയാണെന്നും ടെന്‍ഡര്‍ നോട്ടിഫിക്കേഷന്‍ ഉടന്‍ ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ളവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഇതുവരെ 50,178 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 45,525 അപേക്ഷകള്‍ വേരിഫൈ ചെയ്തിരിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ തെറ്റുകൂടാതെ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പരാതികളും പ്രായോഗിക പ്രശ്‌നങ്ങളും ഇക്കാര്യത്തില്‍ ഉന്നയിക്കുന്നുണ്ട്. അത് പരിഗണിച്ച് എത്രയും വേഗം പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യന്ത്രി അറിയിച്ചു.