രണ്ടാം പിണറായി സർക്കാർ വെറും തുടർച്ചയല്ല: പുതുമുഖ പരീക്ഷണത്തിനൊരുങ്ങി സി.പി.എം: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തുടർന്നേക്കും, മറ്റെല്ലാം പുതുമുഖങ്ങൾ; പോളിറ്റ് ബ്യൂറോ നിർദ്ദേശം വെച്ചു, ബംഗാളിലെ അനുഭവം മുന്നിലുണ്ടെന്ന് നേതൃത്വം

128

രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി പിണറായിയും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഒഴികെ മുഴുവൻ പുതുമുഖങ്ങളെ നിയോഗിക്കാൻ ആലോചന. തുടർച്ചയാണെങ്കിലും സർക്കാരിന് ഒരു ‘ഫ്രഷ് ഫേസ്’ നൽകുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. ഇതോടൊപ്പം ബംഗാളിൽ തുടർഭരണത്തിൽ നേതാക്കൾ കടിച്ചു തൂങ്ങിക്കിടന്ന സാഹചര്യമുണ്ടാക്കിയ തിരിച്ചടിയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി, എസ്.രാമചന്ദ്രൻപിള്ള എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുത്ത കൂടിയാലോചനയിലാണ് ഒരു ഫ്രഷ് ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടത്. ഇന്ന് സെക്രട്ടേറിയറ്റിൽ ഈ ആശയം പോളിറ്റ്ബ്യൂറോ നിർദ്ദേശിക്കും.
ഡോ.തോമസ് ഐസക്, ജി.സുധാകരൻ, സി. രവീന്ദ്രനാഥ്, എ.കെ.ബാലൻ തുടങ്ങിയ പ്രമുഖരെ രണ്ട് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മാറ്റി നിർത്തിയ സി.പി.എമ്മിന് പിണറായിയുടെ കീഴിൽ ഒരു പുതുമുഖ മന്ത്രിസഭ കൊണ്ടു വരാൻ തടസമില്ല. കെ.കെ.ശൈലജ ടീച്ചറെ പുതിയ സർക്കാരിൽ മാറ്റി നിർത്തുക എന്നത് എളുപ്പമല്ലാത്തതും അനാവശ്യ ചർച്ചകളിലേക്ക് വഴിവെക്കുമെന്നതാണ് ഇളവ്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ശൈലജയുടെ വിജയം. സർക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി കൂടിയായിരുന്നു. ശൈലജ ടീച്ചറെ മാത്രം നിലനിർത്തി ബാക്കി മുഴുവൻ പുതുമുഖങ്ങൾ എന്ന സാധ്യത നേതൃത്വം പരിശോധിക്കുന്നുവെന്നാണ് സൂചന. പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കിൽ എ.സി.മൊയ്തീൻ, ടി.പി.രാമകൃഷ്ണൻ എന്നീ മുൻമന്ത്രിമാർക്ക് സ്ഥാനം നഷ്ടമാവും. മന്ത്രിസഭയിൽ പൂർണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സി.പി.എമ്മിൽ സമ്പൂർണ തലമുറമാറ്റം കൂടിയാണ് നടക്കുക. 34 വർഷം അധികാരത്തിലിരുന്ന ബംഗാളിൽ പാർട്ടി തകരാൻ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചു നിന്നതാണ് എന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. ഈ പാഠം ഉൾക്കൊണ്ടാണ് കേരളത്തിൽ തലമുറ മാറ്റത്തിന് സി.പി.എം ലക്ഷ്യമിടുന്നത്. 99 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം പരീക്ഷണത്തിന് സി.പി.എമ്മിന് ധൈര്യം പകരുന്നതുമാണ്. സ്ഥാനാർത്ഥി നിർണയത്തിൽ വിവിധ മേഖലകളിൽ നിന്നും സംശയങ്ങളും എതിർപ്പുകളും ഉയർന്നിരുന്നുവെങ്കിലും തീരുമാനം ഫലം കണ്ടത് ആത്മവിശ്വാസം പകരുന്നതാണ്. എം.വി ഗോവിന്ദൻ മാസ്റ്റർ – ( വ്യവസായം ), പി.രാജീവ് – (ധനകാര്യം), കെ.കെ ശൈലജ – (ആരോഗ്യം), കെ.എൻ ബാലഗോപാൽ – ( പൊതുമരാമത്ത് ), വാസവൻ – (എക്സൈസ്,തൊഴിൽ), വി.ശിവൻകുട്ടി – ( ദേവസ്വം, സഹകരണം), എ.സി മൊയ്തീൻ – ( വൈദ്യുതി), പി.പി ചിത്തരഞ്ജൻ – ( ഫിഷറീസ്), റോഷി അഗസ്റ്റിൻ – (സിവിൽ സപ്ലൈസ്), കെ.ബി ഗണേഷ്കുമാർ – (ഗതാഗതം). വീണാജോർജും, കെ.ടി ജലീലും പട്ടികയിൽ. എൻ.സി.പി, എൽ.ജെ.ഡി, ജെ.ഡി.എസ് വിഭാഗങ്ങൾക്കും മന്ത്രിമാർ ഉണ്ടാകും. സ്പീക്കർ: കടകംപള്ളിയും, നന്ദകുമാറും എന്നിങ്ങനെയാണ് നിലവിൽ പരിഗണനയിലുള്ളത്.