ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം: എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നൽകി

27

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നൽകി. ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമപരിഷ്‌കരങ്ങളും പദ്ധതികളുമായി അഡ്മിനിസ്ട്രേറ്റർ മുന്നോട്ടുപോകുകയാണ്. അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയ മുഴുവൻ തീരുമാനങ്ങളും പുനഃപരിശോധിച്ച് ജനവിരുദ്ധമായവ റദ്ദാക്കണമെന്നും എളമരം കരീം കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം. രാജ്യം മുഴുവൻ കൊവിഡിൽ മുങ്ങിയപ്പോഴും ഒരു വർഷത്തോളം രോഗത്തെ കടലിനപ്പുറം നിർത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്. കൊച്ചിയിൽ ക്വാറന്റീനിൽ ഇരുന്നവർക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നൽകി പാലിച്ച് പോന്ന നിയന്ത്രണങ്ങൾക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇളവുകളനുവദിച്ചത്. ഇതാണ് രൂക്ഷവ്യാപനത്തിന് കാരണമായതെന്നാണ് ആരോപണം.