വി.ഡി.സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി: മുൻ പ്രതിപക്ഷ നേതാവിനെ കുറിച്ച് ‘വിഷമത്തിനിടയിൽ എന്റെയൊരു വിലയിരുത്തൽ കൂടി വേണോ’യെന്ന് ചിരിയോടെ മുഖ്യമന്ത്രി

21

പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് നിയമിച്ച വി.ഡി.സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഡി സതീശന്‍റെ പ്രതിപക്ഷ നിരയിലെ പ്രകടനവും, സഭയിലെ പ്രകടനവും മികച്ചതാണ്. അത് വച്ചുനോക്കുമ്പോള്‍ അദ്ദേഹം മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവ് സര്‍ക്കാറിന് ക്രിയാത്മകമായ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്, ഈ സമയം അങ്ങ് രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോള്‍ എങ്ങനെയാണ്, മുന്‍പുള്ള പ്രതിപക്ഷ നേതാവിനെ വിലയിരുത്തുന്നത് എന്ന ചോദ്യത്തിന് ‘അദ്ദേഹത്തിന്‍റെ ഈ വിഷമത്തിനിടയില്‍ എന്‍റെ വിലയിരുത്തല്‍ കൂടി വേണോ’ എന്ന് ചിരിച്ചു കൊണ്ട് മറുപടി നൽകി. നേരത്തെ സമൂഹമാധ്യമത്തിലും വി.ഡി സതീശന് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.