സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്സിൻ: കേരളത്തിന്റെ ആവശ്യം അംഗീകരിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി

16

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സീൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം. രാജ്യത്ത് കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിന് പുതിയ നയം വലിയ തോതിൽ സഹായകമാകും. വാക്സീൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം
സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്.
രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകും. വാക്സിൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കും.
കോവിഡ്-19 മാനദണ്ഡങ്ങൾ ശക്തമായി പാലിച്ചുകൊണ്ട് രോഗപ്രതിരോധത്തിൻ്റെ മുൻ നിരയിൽ കേരളം ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഒരിക്കൽ കൂടി ഉറപ്പു നൽകുകയാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതിൽ പ്രധാനമന്ത്രിയോട് ഹൃദയപൂർവം നന്ദി പറയുന്നു.