സംസ്ഥാനത്ത് വീണ്ടും കോവിഡ് ചികിൽസാ പ്രോട്ടോകോൾ പുതുക്കി

42

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കോവിഡ് ചികിത്സാ പ്രോട്ടോകോൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോൾ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോൾ പുതുക്കിയിട്ടുള്ളത്. മൂന്നാം തരംഗം കൂടി മുന്നിൽ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിതരെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നേരിയത് (മൈൽഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയർ) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് കൊവിഡ് രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്. നേരിയ രോഗ ലക്ഷണങ്ങളുള്ളവർക്ക് നിരീക്ഷണം മാത്രം മതി. അവർക്ക് ആന്റിബയോട്ടിക്കുകളോ, വിറ്റാമിൻ ഗുളികകളോ ഒന്നും തന്നെ നൽകേണ്ടതില്ല. എന്നാൽ കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ് വരുത്തണം. അവർക്ക് അപായ സൂചനകളുണ്ടെങ്കിൽ (റെഡ് ഫ്‌ളാഗ്) നേരത്തെ തന്നെ കണ്ടുപിടിക്കാനുള്ള ഗൈഡ് ലൈൻ പുറത്തിറക്കിയിരുന്നു. ഇത് കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്.