സന്തോഷ്ട്രോഫി മുൻ താരം എൽത്തുരുത്ത് സാംഗോമസ് അന്തരിച്ചു: വിട പറഞ്ഞത് ഒളരിക്കാരുടെ ഫുട്ബോൾ ഭാസി; ഫുട്ബോളിനായി സമർപ്പിച്ച ജീവിതം

57

സന്തോഷ് ട്രോഫി മുൻ താരവും സർവീസസ് ഫുട്ബോൾ ടീമംഗവുമായ എൽത്തുരുത്ത് ഓളിപ്പറമ്പിൽ സാം ഗോമസ് (ഭാസി – 61) നിര്യാതനായി. കരസേനയിൽ റിട്ട. ജൂനിയർ കമ്മിഷൻഡ് ഓഫിസറായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഒളരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടക്കും. കരസേനയിലെ എം.ഇ.ജി (മദ്രാസ് എൻജിനീയർ ഗ്രൂപ്പ്) ടീമിൽ അംഗമായാണ് സാം ഗോമസ് ദേശീയതലത്തിൽ ശ്രദ്ധ നേടുന്നത്. പിന്നീടു സർവീസസ് ടീമിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചു. തൃശൂർ ജിംഖാന, കോഴിക്കോട് ബ്ലാക്ക് ആൻഡ് വൈറ്റ് തുടങ്ങിയ ടീമുകൾക്കു വേണ്ടിയും ബൂട്ടണിഞ്ഞു. സേനയിൽ നിന്നു വിരമിച്ച ശേഷം സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫുട്ബോളിന്റെ പ്രചാരണത്തിനും കുട്ടികൾക്കു പരിശീലനം നൽകുന്ന പ്രവർത്തനങ്ങളിലുമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്.