സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ, കിടക്കാൻ നിൽക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ: പാർട്ടിയേക്കാൾ വലുതായി ഗ്രൂപ്പുകൾ മാറരുത്, രാഷ്ട്രീയത്തിൽ സാമ്പ്രദായിക രീതികൾക്ക് മാറ്റം വരണം, ആചാരസംരക്ഷണ ബില്ല് യു.ഡി.എഫ് എടുത്ത തീരുമാനമല്ല, പുരോഗമനപരമായ കാഴ്ചപ്പാട് വേണമെന്ന് തുറന്നടിച്ച് സതീശൻ

24

സമുദായനേതാക്കൾ രാഷ്ട്രീയ കാര്യം തീരുമാനിക്കുന്ന സ്ഥിതി പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമുദായ നേതാക്കന്മാരെ രാഷ്ട്രീയ കാര്യത്തിൽ ബന്ധപ്പെടുന്നതിൽ തെറ്റില്ല. അവർക്കെതിരായ അനീതിയിൽ ശബ്ദം ഉയർത്തേണ്ടത് തന്നെയാണ്. എന്നാൽ അവർ രാഷ്ട്രീയത്തിലെ കാര്യം തീരുമാനിക്കുന്ന സ്ഥിതി പാടില്ല. മതസാമുദായിക നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ നേതാക്കൾ ഇരിക്കാനേ പാടുള്ളൂ, കിടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സതീശൻറെ തുറന്നു പറച്ചിൽ. എൻ.എസ്.എസ്, ക്രൈസ്തവ, മുസ്ളീം സംഘടനകൾ കോൺഗ്രസിനെ ഹൈജാക്ക് െചയ്തുവെന്ന വലിയ വിമർശനത്തിനായിരുന്നു സതീശൻറെ മറുപടി. കോൺഗ്രസ് പാർട്ടിക്കകത്ത് ഇനി പാക്കേജുകൾ വേണ്ടെന്നും സതീശൻ പറഞ്ഞു. പാക്കേജുകൾ പലപ്പോഴും അർഹതപ്പെട്ടവർക്ക് സ്ഥാനം നഷ്ടമാകാൻ കാരണമാകും. ഈ പാക്കേജുണ്ടായിരുന്നെങ്കിൽ തനിക്ക് ഈ സ്ഥാനം കിട്ടില്ലായിരുന്നു. വളരെ ചെറുപ്പത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ തനിക്ക് സ്ഥാനങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ്. മുൻപ് കെ.എസ്‌.യു അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷനായും പരിഗണിച്ചിരുന്നു. അതിന് ശേഷം 2011 ൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. രണ്ടിലൊരാളെ പരിഗണിക്കേണ്ടി വരുമ്പോൾ മാറ്റിനിർത്തുന്നയാളുടെ കാര്യം നേതാക്കൾ ഓർത്തിരിക്കണം. താൻ അത് ഓർത്തിരിക്കാറുണ്ട്. പിന്നീടൊരു അവസരത്തിൽ അവർക്ക് അവസരം നൽകാറുമുണ്ട്. തന്റെ കാര്യത്തിൽ അത് പലപ്പോഴും ഉണ്ടായിട്ടില്ല. മികച്ച പാർലമെന്റേറിയനാണ് എന്ന് പറയുമ്പോഴും പലപ്പോഴും അവസാന നിമിഷം സ്ഥാനങ്ങൾ നഷ്ടമായി. ഇത്തവണയും അതുകൊണ്ട് ഉറക്കം നഷ്ടപ്പെട്ടില്ല. പ്രതിപക്ഷ നേതാവായി അവസാനം പ്രഖ്യാപനം വന്നപ്പോഴാണ് വിശ്വസിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തന്നെ പരിഗണിച്ചിട്ടില്ലെന്ന് പറയാനാവില്ല. ഈ ടേം കൂടി പൂർത്തിയാക്കിയാൽ താൻ നിയമസഭയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാകും. എന്നോടൊപ്പം ഉണ്ടായിരുന്ന പലർക്കും ഈ സ്ഥാനങ്ങൾ കിട്ടിയിട്ടില്ല. നേതൃത്വത്തിൽ തനിക്ക് മുകളിലുള്ളവരെ നോക്കാറില്ല. താഴേക്കാണ് നോക്കുന്നത്. 25 വർഷം എംഎൽ.എയായി ഇരിക്കുകയെന്നത് ചെറിയ കാര്യമല്ല. എന്നാൽ പലപ്പോഴും മെറിറ്റ് നോക്കാതെ പിന്നോക്കം പോകേണ്ടി വന്നിട്ടുണ്ട്. പാർട്ടിയെക്കാൾ വലുതായി ഗ്രൂപ്പ് വരരുത്. ഗ്രൂപ്പ് വേണ്ടെന്ന് പറയുന്നതിൽ അനൗചിത്യമുണ്ട്. ഞാനും മുൻപ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നതാണ്. എന്നാൽ വീടിന് മീതെ മരം നിന്നാൽ മരത്തിന്റെ ചില്ലകളെങ്കിലും മുറിച്ചുമാറ്റണം. കോൺഗ്രസ് പോലൊരു പാർട്ടിയിൽ കോൺഗ്രസിനകത്ത് തീരുമാനം എടുക്കണം. ജാതി മത സംഘടനകളും സാമ്പത്തിക ശക്തികളും പാർട്ടി കാര്യങ്ങൾ നിശ്ചയിക്കുന്ന രീതി മാറ്റിനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല നായർ ബ്രാന്റ് ചെയ്യപ്പെടേണ്ട വ്യക്തിയല്ല. വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിന് ചൈതന്യം പകർന്ന നേതാവാണ് അദ്ദേഹം. സാമുദായിക അടുപ്പം ഇത്തരം നേതാക്കളാരും കാട്ടാറില്ല. ചെന്നിത്തലയെ അങ്ങിനെ ബ്രാന്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്. അതിനെ പ്രതിരോധിക്കാൻ അദ്ദേഹം വേണ്ടത്ര ശ്രമിച്ചല്ല. രാഷ്ട്രീയത്തിൽ നമ്മൾ നമ്മളെ ബ്രാന്റ് ചെയ്തില്ലെങ്കിൽ ശത്രുക്കൾ നമ്മളെ ബ്രാന്റ് ചെയ്യും. രാഹുൽ ഗാന്ധിയെ ബ്രാന്റ് ചെയ്യേണ്ട വിധത്തിൽ ബ്രാന്റ് ചെയ്യാനായില്ല. അപ്പോൾ സംഘപരിവാറുകാർ അദ്ദേഹത്തെ പപ്പു എന്നൊക്കെ വിളിച്ച് ബ്രാന്റ് ചെയ്ത് കളിയാക്കി. രാഷ്ട്രീയത്തിൽ സാമ്പ്രദായിക രീതികൾക്ക് മാറ്റം വരണം. കാലത്തിനൊത്ത് മാറണം. അതിൽ പ്രൊഫഷണലിസം വരണം. ബിഹാർ തെരഞ്ഞെടുപ്പിൽ പോലും പ്രൊഫഷണലിസം ഉണ്ടായി. സോഷ്യൽ മീഡിയ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഒറ്റ രാത്രികൊണ്ട് ഉണ്ടാക്കിയെടുത്ത വ്യക്തിത്വത്തെ ആളുകൾക്ക് വേറെ രീതിയിൽ ബ്രാന്റ് ചെയ്യാനാവും. കോൺഗ്രസിന് ആശയപരമായ അടിത്തറയുണ്ട്. ഇത്രയും ആശയപരമായ അടിത്തറയുള്ള പാർട്ടി വേറെയില്ല. കാലാനുസൃതമായ മാറ്റം വരേണ്ടതുണ്ട്. പുതിയ സാമ്പത്തിക നയം കൊണ്ട് പണമുണ്ടാക്കി ഏറ്റവും പാവപ്പെട്ടവർക്ക് അത് എത്തിച്ചുകൊടുക്കുമ്പോൾ സമ്പത്തിന്റെ നീതിപൂർവമായ വിതരണം ഈ പുതിയ സാമ്പത്തിക ആശയത്തിലും നടക്കും. ആചാരസംരക്ഷണ ബില്ല് യു.ഡി.എഫ് എടുത്ത തീരുമാനമല്ല. വ്യക്തികൾ മുന്നോട്ട് വെച്ച നിർദ്ദേശമാണ്. വ്യക്തിപരമായി പുരോഗമന നിലപാടാണ് എനിക്ക്. അക്കാദമിക്കായ വിഷയം കൂടി അതിലുണ്ട്. മതപരമായ കാര്യങ്ങളിൽ ഭരണവർഗത്തിന് ഏതറ്റം വരെ പോകാമെന്ന അക്കാദമിക് ചർച്ച നടത്താമെന്നല്ലാതെ ഇത്തരം കാര്യങ്ങളിൽ പുരോഗമന നിലപാട് വേണം. ഗവേണൻസ് വളരെ ശ്രദ്ധയോടെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. യാക്കോബായ സഭയും ഓർത്തഡോക്സും തമ്മിൽ കേസുണ്ടായി. വിധി നടപ്പാക്കാതിരുന്നത് സംഘർഷം ഒഴിവാക്കാനാണ്. സംസാരിച്ച് സംസാരിച്ച് തർക്കം തീർക്കാനായിരുന്നു ശ്രമം. ശബരിമല വിഷയം എട്ട് മണിക്കൂർ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്തു. സർക്കാർ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിച്ചാൽ അത് കേരളത്തിലെ വർഗീയ രാഷ്ട്രീയത്തിന് വളമിടുന്ന ഇടപാടായി മാറും. കേരളത്തെ കമ്യൂണലൈസ് ചെയ്യാതിരിക്കാൻ കോൺഗ്രസ് എടുത്ത നിലപാടുകൾ സഹായിച്ചു. സംഘർഷാത്മകമായ സ്ഥിതിയിലേക്ക് കേരളം മാറാതിരിക്കാനായിരുന്നു ശ്രമം. വിധി വന്ന ശേഷവും ശബരിമലയിൽ പ്രശ്നം ഉണ്ടായില്ല. അത് വേറെ രീതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പ്രശ്നമായത്. ഭൂരിപക്ഷ വർഗീയത കൂടുമ്പോൾ അത് ന്യൂനപക്ഷ വർഗീയതക്കും വളമാകും. പരസ്പരം പാലൂട്ടി വളർത്തുന്നവരാണ് ഇവർ രണ്ട് പേരും. അതിനുള്ള അവസരം കേരളത്തിൽ ഉണ്ടാകരുത്. കേരളത്തിൽ അവർക്ക് കളിക്കാൻ മൈതാനം ഉണ്ടാക്കിക്കൊടുക്കരുത്. ഏത് സർക്കാരായാലും പെട്ടുപോകുന്നതാണ് ഇത്തരം സംഭവങ്ങൾ. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് ചർച്ച ചെയ്ത് പിണറായി സർക്കാരിന് നിലപാടെടുക്കാമായിരുന്നു.
രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്പ്രിംക്ലർ, ഇ-മൊബിലിറ്റി, ആഴക്കടൽ വിഷയങ്ങളിൽ ഫയലുകൾ പഠിക്കാൻ അദ്ദേഹം എനിക്ക് തന്നിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യും. 2004 ൽ എകെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ എകെ ആന്റണി മാറി. 2016 ൽ തോറ്റപ്പോൾ ഉമ്മൻചാണ്ടി മാറി. ഈ മാറ്റം എപ്പോഴുമുണ്ടായതാണ്. ഇത് തന്നെയാണ് ഇപ്പോഴും ഉണ്ടായത്. കേരളത്തിൽ ഇപ്പോഴും പാർട്ടിക്ക് നേതൃത്വം കൊടുക്കുന്നത് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമാണ്. നേതൃത്വത്തിലേക്ക് താൻ കൂടി വന്നുവെന്നല്ലാതെ മറ്റ് മാറ്റങ്ങളില്ല. എല്ലാ കാര്യത്തിലും അവരുടെ കൂടി അഭിപ്രായം കേട്ട ശേഷമാണ് തീരുമാനം എടുക്കുക. രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കും. അദ്ദേഹത്തിന്റെ കാര്യത്തിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നല്ല തീരുമാനം എടുക്കുമെന്നാണ് വിശ്വാസമെന്നും സതീശൻ പറഞ്ഞു. ഇപ്പോൾ പിണറായി വിജയനെ ചോദ്യം ചെയ്യാൻ സി.പി.എമ്മിൽ വേറെ നേതാവില്ല. കോൺഗ്രസിൽ അങ്ങിനെയല്ല തീരുമാനം. കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ദേശീയ അധ്യക്ഷയുടെ തീരുമാന പ്രകാരം സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചതിന് ഒരു നടപടിക്രമം ഉണ്ട്. അത് മുൻപ് ഉണ്ടായിരുന്ന അതേ നടപടിക്രമം തന്നെയാണ്. നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് തീരുമാനം എടുക്കുന്നത്. താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും തന്നെ അങ്ങിനെ കാണേണ്ടെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റതിന്റെ കാരണം തനിക്ക് കൃത്യമായി അറിയാം. പലർക്കും അറിയാം. അത് ചർച്ച ചെയ്യാൻ പോവുകയാണ്. കോൺഗ്രസിനെ തിരിച്ച് കൊണ്ടുവരികയാണ് ലക്ഷ്യം. എനിക്ക് ആത്മവിശ്വാസമുണ്ട്. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനം ഉറപ്പിക്കും. അക്കാര്യത്തിൽ വ്യക്തതയുണ്ട്. അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. 1967 ൽ കെ കരുണാകരൻ വെല്ലുവിളി ഏറ്റെടുത്തത് പോലെ, എത്ര വലിയ പ്രതീക്ഷ എന്നിലർപ്പിച്ചായിരിക്കും ഈ വല്ലാത്ത അവസ്ഥയിൽ പാർട്ടി പ്രതിപക്ഷ നേതൃസ്ഥാനം നൽകിയത്. ഇതിന്റെ ഫലം തിരികെ കൊടുക്കുമെന്നാണ് രാഹുൽ ഗാന്ധിയോട് പറഞ്ഞത്. അത് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.