സാംസ്കാരിക കേരളം വീണ്ടും ജാതി വാലിൽ തന്നെ: തൃശൂർ പൂരത്തിനും ഗുരുവായൂർ ഉൽസവത്തിനും പട്ടികജാതിക്കാരനായ തനിക്ക് ‘അയിത്ത’മെന്ന് കലാമണ്ഡലം (പെരിങ്ങോട്) ചന്ദ്രൻ; തമിലയിലെ തൻറെ ഓരോ അടിയും ജാതിയുടെ കരണത്തുള്ള അടി, സംഗീത നാടക അക്കാദമി അവാർഡിൽ അഭിമാനം

31
1 / 100

സാംസ്കാരികതയിലും പ്രബുദ്ധതയിലും ഊറ്റംകൊള്ളുന്ന േകരളത്തിൽ ഇപ്പോഴും ജാതീയത കൊടികുത്തി വാഴുന്നു. കലാരംഗത്തും വാദ്യരംഗത്തുമെല്ലാം ജാതീയത പിന്നാമ്പുറത്തേക്ക് തള്ളിയ ഇരകൾ ഏറെയുണ്ട്. അയിത്തമില്ലാതായെന്നും ക്ഷേത്രപ്രവേശനം സാധ്യമായെന്നും പറയുന്ന കേരളത്തിൽ പിന്നാക്കക്കാരന് ഇപ്പോഴും ‘അയിത്തം’ തന്നെ. അങ്ങനെയുണ്ടോയെന്ന എന്ന ചോദ്യത്തിന് ഉത്തരമാണ് പെരിങ്ങോട് ചന്ദ്രൻ അഥവാ കലാമണ്ഡലം ചന്ദ്രൻ. മികച്ച തിമിലക്കാരനായിട്ടും കേരളത്തിലെ വലിയ പൂരവേദികളിൽ നിന്നും തഴയപ്പെടുന്ന കലാകാരൻ. തൃശൂർ പൂരത്തിന് തിരുവമ്പാടിയുടെ മഠത്തിൽ വരവിലോ, പാറമേക്കാവിൻറെ പഞ്ചവാദ്യത്തിലോ ഗുരുവായൂരിലെ ഉൽസവത്തിനോ എന്തിന് പ്രമുഖ ക്ഷേത്ര പഞ്ചവാദ്യങ്ങൾക്കൊന്നും ചന്ദ്രനെ കാണാനാവില്ല .ഇത് തിമിലകൊട്ടിൽ മികവോ, പ്രതിഭയോ, അനുഭവമോ ഇല്ലാത്തത് കൊണ്ടല്ല. മറിച്ച് ആചാരം അനുഷ്ഠാനം എന്നൊക്കെയുള്ള ഓമനപ്പേരിൽ ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയത ഒന്ന് കൊണ്ടുമാത്രമാണെന്ന് മലയാളത്തിൻറെ പ്രിയ ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്നു. പ്രായത്തിലും പ്രവൃത്തിയിലും തനിക്ക് താഴേയുള്ളവരും, ശിഷ്യസമാനരും, മേൽജാതിയുടെ ഏലസ് കെട്ടി കൊട്ടുന്ന കൊട്ടിടങ്ങളിൽ നിന്ന്, പെരിങ്ങോട് ചന്ദ്രൻ മാറിനിൽക്കുന്നു. മൗനത്തോടെ, വിഷമം കടിച്ചമർത്തി. ആ വിഷമമാണ് അയാളുടെ തിമില വട്ടത്തിൽ കൈകൾ തീർക്കുന്ന നാദമാകുന്നത്.. വിരൽ വിന്യാസത്തിൽ മിന്നലാകുന്നത്, കാലം നിരത്താൻ കരുത്താവുന്നത്, തൃപുടയിലെ വടിവാകുന്നത്. ആ വേദനയാണ് പെരിങ്ങോട് ചന്ദ്രൻ്റെ കൊട്ടിൻ്റെ ഘനം ബലം. ചരിത്രത്തിന്, കാലത്തിന് എതിരേയാണ് ചന്ദ്രൻ തൻ്റെ തിമിലയും തൂക്കി നടന്നു വന്നത്, ഇപ്പോഴും നടക്കുന്നത്. ചന്ദ്രൻറെ വാക്കുകളിലുണ്ട് അമർഷവും ഈർഷ്യയും. ജാതിയുടെ കരണത്തുള്ള അടിയാണ് തിമിലയിൽ തൻറെ കൈവിരലുകളിൽ നിന്നും വീഴുന്നതെന്ന് ചന്ദ്രൻ തുറന്ന് തന്നെ പറയും. അത് അറിയാൻ ആ തിമിലയിൽ നിന്നും പുറത്ത് വരുന്ന നാദമൊന്ന് ശ്രദ്ധിച്ചാൽ മാറി നിൽക്കുന്ന താളം അറിയാം. ജാതിയുടെ പേരിൽ ഉൽസവ വേദികളിൽ നിന്നും മാറ്റി നിറുത്തപ്പെട്ട പെരിങ്ങോട് ചന്ദ്രനെ തേടിയാണ് ഇത്തവണ സംഗീത നാടക അക്കാദമിയുടെ അവാർഡെത്തിയത്. ജാതിവ്യവസ്ഥക്കെതിരെ തിമിലയിൽ നടത്തുന്ന പോരാട്ടത്തിനുള്ള അംഗീകാരമായാണ് അക്കാദമിയുടെ അവാർഡിനെ പെരിങ്ങോട് ചന്ദ്രൻ കാണുന്നത്.