സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി കത്തയച്ചു

14

പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
യു.എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും കത്തിൽ ചൂണ്ടിക്കാട്ടി. ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടാത്തത് എറെ വിമർശനത്തിനിടയാക്കിയിരുന്നു. സിദ്ദിഖ് കാപ്പൻറെ ഭാര്യയും വിമർശനവുമായി രംഗത്തെത്തിയിരുന്നു.