സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ സംസ്ഥാനതല പരിശീലനം 28ന് ആരംഭിക്കും

39

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ കീഴിലുള്ള സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ സംസ്ഥാനതല പരിശീലനം തൃശൂര്‍ ഫയര്‍ അക്കാദമിയില്‍ നടക്കും. പരിശീലനത്തിന്റെ ആദ്യഘട്ടം തൃശൂര്‍ ജില്ലയിലെ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി ഡിസംബര്‍ 28ന് ആരംഭിക്കും. 50 വളണ്ടിയര്‍മാര്‍ വീതമുള്ള മൂന്ന് ബാച്ചുകളിലായി 2021 ജനുവരി 14 വരെയാണ് വിയ്യൂര്‍ ഫയര്‍ അക്കാദമിയില്‍ പരിശീലനം നടക്കുക. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റസിഡന്‍ഷ്യല്‍ പരിശീലനം ഒഴിവാക്കി.

സംസ്ഥാനത്തെ വിവിധ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളില്‍ നിന്നായി 11 ഉദ്യോഗസ്ഥരാണ് ക്ലാസുകള്‍ നയിക്കുന്നത്. എം യു വി, ആംബുലന്‍സ്, ബസ് എന്നീ വാഹനങ്ങളും വാക്കിടോക്കി, ലൈഫ് ജാക്കറ്റ് തുടങ്ങി നിരവധി ഉപകരണങ്ങളും പരിശീലനത്തിനായി സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍ തയ്യാറാക്കിയിട്ടുണ്ട്.

പരിശീലനത്തില്‍ ഏര്‍പ്പെടുന്ന വളണ്ടിയര്‍മാര്‍, പരിശീലകര്‍ എന്നിവര്‍ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പങ്കെടുക്കുന്ന സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ പൂര്‍ണ്ണ വിവരം അക്കാദമിയില്‍ സൂക്ഷിക്കണം. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അക്കാദമിയിലെ ജില്ലാ ഫയര്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ അറിയിച്ചു.