സിസ്റ്റർ ലിനിയുടെ വേർപാടിന് മൂന്ന് വർഷം: പോരാട്ടത്തിന്റെ ഉദാത്തമായ പ്രതീകമെന്ന് മുഖ്യമന്ത്രി, ജീവത്യാഗിയായ മാലാഖയെന്ന് കെ.കെ.ശൈലജ

9

നിപ വൈറസ് ബാധിതരെ ശ്രുശ്രൂഷിക്കുന്നതിനിടയിൽ രോഗം പകർന്ന് മരിച്ച സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് ഇന്ന് മൂന്ന് വർഷം. മുഖ്യമന്ത്രി പിണറായി വിജയനും മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ലിനിയുടെ ഓർമ്മകൾ പങ്കുവെച്ചു. സമൂഹമാധ്യമത്തിലാണ് ഇരുവരും കുറിപ്പ് പങ്കുവെച്ചത്. സിസ്റ്റർ ലിനി ആ പോരാട്ടത്തിൻ്റെ ഉദാത്തമായ പ്രതീകമെന്ന് മുഖ്യമന്ത്രിയും ഈ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് കെ.കെ. ശൈലജയും കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം
അസാധാരണമായ പ്രതിസന്ധികളെ മാനവരാശി മറികടക്കുന്നത് മനുഷ്യരുയർത്തുന്ന അസാമാന്യമായ പോരാട്ടങ്ങളിലൂടെയാണ്. സ്വജീവതത്തേക്കാൾ വലുതാണ് തൻ്റെ നാടിൻ്റെ സുരക്ഷയും അതിജീവനവുമെന്നു കരുതുന്ന അവരുടെ ത്യാഗോജ്ജ്വലമായ ജീവിതം സമൂഹത്തെ ഒറ്റക്കെട്ടായി നിന്നു പോരാടാൻ പ്രചോദിപ്പിക്കും. അതുവരെയില്ലാത്ത ഊർജ്ജവും ധീരതയും ദിശാബോധവും നമുക്ക് കൈവരും.
അത്തരത്തിൽ, നിപ്പാ മഹാമാരിയ്ക്കു മുൻപിൽ ഭയചകിതരായി നിന്ന ഒരു ജനതയ്ക്ക് തൻ്റെ ത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് സിസ്റ്റർ ലിനി ചെയ്തത്. പിന്നീട് കേരളം നേരിട്ട ഓരോ ആപൽഘട്ടങ്ങളേയും ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി നിലകൊണ്ടുകൊണ്ടാണ് നമ്മൾ മറികടന്നത്. ആ ത്യാഗബോധവും ധീരതയും കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റി.
സിസ്റ്റർ ലിനിയുടെ ഓർമ്മകൾ കോവിഡിനെതിരെ നമ്മൾ പോരാടുന്ന ഈ കാലത്ത് കൂടുതൽ പ്രസക്തമാവുകയാണ്. അനേകായിരങ്ങൾ ഈ നാടിനു വേണ്ടി, ഇവിടത്തെ മനുഷ്യരുടെ ജീവനു വേണ്ടി സ്വജീവതത്തേക്കാൾ വില നൽകി പ്രവർത്തിക്കുകയാണ്. സിസ്റ്റർ ലിനി ആ പോരാട്ടത്തിൻ്റെ ഉദാത്തമായ പ്രതീകമാവുകയാണ്. അവരുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. ലിനിയുടെ ഓർമ്മകൾ മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
പിണറായി വിജയൻ
മുഖ്യമന്ത്രി

കെ.കെ.ശൈലജയുടെ കുറിപ്പ് വായിക്കാം

ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല. ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച 18 പേരിൽ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകർച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതൽ ആളുകളിലേക്ക് രോഗപ്പകർച്ച തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുൻ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റർക്ക് രോഗം ബാധിക്കുന്നത്. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിൻറെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ…