സ്വകാര്യ ആശുപത്രികളില്‍ പി.പി.ഇ കിറ്റിനും മാസ്കിനും പള്‍സ് ഓക്സീമീറ്ററിനും ക്ഷാമം

12

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വരവ് കുറയുന്നു. സര്‍ക്കാര്‍ വില കുറച്ച് നിശ്ചയിച്ചതോടെ മൊത്ത വിതരണക്കാര്‍ വിതരണം കുറച്ചതാണ് ക്ഷാമത്തിന് കാരണം. പി പി ഇ കിറ്റ് , N 95 മാസ്ക് , ഗ്ലൗസ് തുടങ്ങിയവക്കാണ് ക്ഷാമമുള്ളത്. സർക്കാർ ഇടപെടല്‍ ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ രംഗത്തുവന്നിട്ടുണ്ട്.

കോവിഡ് ടെസ്റ്റുകള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ക്കും മാസ്‍കിനും വരെ ഭീമമായ വിലയും ഏകീകരണമില്ലാത്ത വിലയും ആയിരുന്നു സംസ്ഥാനത്ത്. ഈ സാഹചര്യത്തിലാണ് വില നിശ്ചയിച്ചുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഇത്തരത്തില്‍ വില കുറച്ചതോടെ മൊത്തവിതരണക്കാര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്ന പരാതിയാണ് സ്വകാര്യ ആശുപത്രികള്‍ ഉയര്‍ത്തുന്നത്. മൊത്ത വിതരണക്കാര്‍ കേരളത്തിലെ വിപണിയിലേക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് നല്‍കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലേ തങ്ങള്‍ക്ക് വില്‍ക്കാന്‍ കഴിയൂ എന്നതിനാല്‍ അതേ വിലയിലേ തങ്ങള്‍ക്കും വാങ്ങാന്‍ കഴിയൂ. വില കുറയുമ്പോള്‍ ഗുണമേന്മ കുറയാനും സാധ്യതയുണ്ടെന്നും സ്വകാര്യ ആശുപത്രിക്കാര്‍ പറയുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം.