സർക്കാരിൻ്റെ മുന്നൂറോളം ടൂറിസം പദ്ധതികളിൽ 80 ശതമാനവും പൂർത്തിയാക്കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

14
5 / 100

ടൂറിസം മേഖലയിൽ കേരളത്തിന് സർവകാല റെക്കോർഡ്

സംസ്ഥാന സർക്കാർ അധികാരത്തിലേറിയ ശേഷം ഭരണാനുമതി നൽകിയ മുന്നൂറോളം ടൂറിസം പദ്ധതികളിൽ 80 ശതമാനവും പൂർത്തിയായതായി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത് 18 ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിൽ മതിലകം ബംഗ്ലാവ് കടവ്, കോട്ടപ്പുറം ചിൽഡ്രൻസ് പാർക്ക്, മാള ജൂത സെമിത്തേരി എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് പദ്ധതികൾ പ്രഖ്യാപിച്ച ശേഷം അതിൽ നിന്ന് തിരിഞ്ഞു നടക്കില്ല. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ സർക്കാരിന് കഴിഞ്ഞു എന്നതിന്റെ തെളിവുകളാണ് പൂർത്തീകരിച്ച പദ്ധതികൾ. കേരള ചരിത്രത്തിൽ ഇന്നേവരെ ഒരു സർക്കാരും ടൂറിസം മേഖലയിൽ ഇത്രയധികം പദ്ധതികൾ നടപ്പിലാക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടില്ല. കോവിഡ് പ്രതിസന്ധി ഇല്ലായിരുന്നുവെങ്കിൽ 90 ശതമാനത്തിലധികം പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം രംഗത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. 45,000
കോടി രൂപയാണ് ടൂറിസം മേഖലയിൽ നിന്നുള്ള മൊത്ത വരുമാനം. ഇത് സർവകാല റെക്കോഡാണ്. സഞ്ചാരികളുടെ വരവിന്റെ കാര്യത്തിൽ കേരള ടൂറിസത്തിന്റെ ഉജ്ജ്വലമായ വളർച്ചയാണ് 2019 ൽ കണ്ടത്.

കോവിഡ് 19 പ്രതിസന്ധി കുറച്ചുകാലം കൂടി തുടരാൻ സാധ്യതയുള്ളതിനാൽ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. നിലവിലുള്ള പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു കേരള ടൂറിസം മുന്നോട്ടു കുതിക്കുകയാണ്.

ടൂറിസം മേഖലയിൽ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു പകർന്നു കൊണ്ട് ഏഴ് ജില്ലകളിലെ 18 ടൂറിസം പദ്ധതികൾ ജനങ്ങൾക്ക് സമർപ്പിക്കുന്നത്. ഈ 18 പദ്ധതികൾ കൂടിച്ചേരുമ്പോൾ ഏകദേശം 100ലധികം പദ്ധതികളാണ് കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്ക് കഴിയും. ഇന്ത്യയിലെ ടൂറിസം രംഗത്ത് കേരളം സൂപ്പർ ബ്രാന്റ് പദവി നിലനിർത്തുകയും കോവിഡ് കാലത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് കേരളടൂറിസം അതിവേഗം എത്തിച്ചേരുകയും ചെയ്യും.

പൂർത്തീകരിച്ച കേന്ദ്രങ്ങളിലേക്ക്
ധാരാളം സഞ്ചാരികൾ എത്തിച്ചേരുന്നത് പുതിയ കേന്ദ്രങ്ങൾ ജനങ്ങൾ ഏറ്റെടുത്തു എന്നതിന് തെളിവാണ്. ടൂറിസം കേന്ദ്രങ്ങൾ വളരെ വൃത്തിയായി പരിപാലിക്കാൻ ഏവരും ശ്രദ്ധിക്കണം. ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളോട് വളരെ മാന്യമായും സൗഹാർദത്തോടെയും ഇടപഴകണം. നമുക്ക് കിട്ടുന്ന ഏറ്റവും വലിയ പരസ്യം സഞ്ചാരികളുടെ അനുഭവസാക്ഷ്യങ്ങളാണ്. ഒരിക്കൽ സഞ്ചരിച്ചവർക്ക് വീണ്ടും വീണ്ടും വരാൻ തോന്നണം. എങ്കിൽ മാത്രമേ നമ്മുടെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മതിലകം ബംഗ്ലാവ് കടവ്, കോട്ടപ്പുറം ചിൽഡ്രൻസ് പാർക്ക്, മാള ജൂത സെമിത്തേരി എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ യഥാക്രമം എംഎൽഎമാരായ ഇ ടി ടൈസൺ മാസ്റ്റർ, വി ആർ സുനിൽകുമാർ, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.