ഹൈക്കോടതി പിടിച്ചപ്പോൾ, ഉത്തരവ് റദ്ദാക്കി സർക്കാർ: പട്ടയഭൂമിയിൽ നിന്നും ഇനി മരംമുറിക്കാനാവില്ല

29
8 / 100

പട്ടയഭൂമിയില്‍നിന്ന്‌ മരം മുറിക്കാൻ മുമ്പ് നൽകിയ അനുമതി സർക്കാർ റദ്ദാക്കി. കോടതിയില്‍ കേസുള്ളതിനാലും നിലവിലുള്ള നിയമം ദുരുപുയോഗിക്കുന്നതിനാലുമാണ്‌ അനുമതി റദ്ദാക്കുന്നതെന്ന്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. അതേ സമയം പട്ടയഭൂമിയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയിലെത്തിയ ഹരജിയിൽ അനുമതി സ്റ്റേ ചെയ്ത് വകുപ്പിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി റദ്ദാക്കുന്നതായി റവന്യു വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 1964 ലെ ഭൂപതിവു ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത്‌ സംബന്ധിച്ച്‌ ഇക്കഴിഞ്ഞ ഒക്‌ടോബറിൽ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവാണ്‌ റദ്ദാക്കിയത്‌. പട്ടയം ലഭിച്ചശേഷം ഭൂമിയില്‍ തനിയെ കിളിര്‍ത്തുവന്നതും നട്ടുപിടിപ്പിച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മാത്രമേ മുറിക്കാവൂ എന്നായിരുന്നു നിർദ്ദേശമെങ്കിലും ഉത്തരവിൻറെ മറവിൽ വ്യാപകമായി മരം മുറിച്ച് കടത്തിയെന്ന് പറയുന്നു. ഉപാധികളൊന്നുമില്ലാതെ മരങ്ങൾ മുറിക്കാൻ നൽകിയ അനുമതി വൻതോതിൽ മരങ്ങളുടെ നാശത്തിന്‌ കാരണമാകുമെന്നു ചൂണ്ടിക്കാട്ടി പാലക്കാടുള്ള പരിസ്‌ഥിതി സംഘടന കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ വനംവകുപ്പ് ആദ്യമിറക്കിയ ഉത്തരവ്‌ ഹൈകോടതി റദ്ദാക്കിയിരുന്നു. പിന്നീട്, സ്വയം കിളിര്‍ത്തതും നട്ടുപിടിപ്പിച്ചതുമായ മരങ്ങള്‍ എന്ന ഉപാധി ഏര്‍പ്പെടുത്തി ഭേദഗതി വരുത്തിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് റദ്ദാക്കിയത്.