നാല് വർഷം കൊണ്ട് അജ്ഞാത വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 1234 പേരുടെ: 11385 അപകടങ്ങളിൽ ഇതുവരെയും വാഹനം കണ്ടെത്താനായില്ല; അപകടത്തിൽ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങൾ, കണക്ക് പുറത്ത് വിട്ട് ക്രൈം റെക്കോർഡ്സ് ബ്യുറോ

18

നാലുവർഷത്തിനിടെ സംസ്ഥാനത്ത് അജ്ഞാത വാഹനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളിൽ നഷ്ടമായത് 1234 ജീവനുകൾ. 9036 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിനിടയാക്കിയ വാഹനങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാൽ ഇവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

2017 മുതൽ 2020 വരെ നടന്ന 11385 കേസുകളിൽ അപകടമുണ്ടാക്കിയ വാഹനങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന ക്രൈംറെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു. 2010-17 കാലഘട്ടത്തിൽ 877 പേരായിരുന്നു മരിച്ചത്.

അപകടത്തിന് ഇരയായതിൽ ഭൂരിഭാഗവും കാൽനടയാത്രികരും ഇരുചക്രവാഹന യാത്രക്കാരുമാണ്. ഏറിയപങ്കും രാത്രികാലങ്ങളിൽ. നിരീക്ഷണ ക്യാമറകളുടെ അഭാവമാണ് വാഹനങ്ങൾ കണ്ടെത്താൻ പ്രധാന തടസ്സമെന്ന് പോലീസ് പറയുന്നു.